KOYILANDY DIARY.COM

The Perfect News Portal

40 വയസിന് ശേഷം പുരുഷന്മാര്‍ നിര്‍ബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധനകള്‍

.

മനുഷ്യനെ സംബന്ധിച്ചിടത്തോളം 40 വയസ് ഒരു ജൈവശാസ്ത്രപരമായ വഴിത്തിരിവായിട്ടാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. സാധാരണയുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ശരീരത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട സമയവും കൂടിയാണ് 40 വയസ് മുതലുള്ള കാലം. സ്ത്രീകളിലേതുപോലെ തന്നെ ഈ ഘട്ടത്തിലാണ് പുരുഷന്മാരുടെ ശരീരത്തിലും ധാരാളം മാറ്റങ്ങള്‍ വരുന്നത്. ഇക്കാലത്ത് അവരില്‍ മെറ്റബോളിസം മാറാന്‍ തുടങ്ങുന്നു. ഹോര്‍മോണുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു.

 

വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ജീവിതശൈലിയില്‍ നിന്നുണ്ടായ മാറ്റങ്ങള്‍ ശരീരത്തില്‍ കാണാന്‍ തുടങ്ങുന്നു. അക്കാലമത്രയും പല രോഗങ്ങളുടെയും ലക്ഷണം തിരിച്ചറിയാന്‍ കഴിയാതെ വരുന്നതുകൊണ്ടുതന്നെ 40വയസിന് ശേഷം പുരുഷന്മാര്‍ ചില ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്.

ഹൃദയാരോഗ്യം

ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണെന്നതാണ്. എന്നാല്‍ വര്‍ഷങ്ങളായി ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുകയും മറ്റും ചെയ്താണ് ഹൃദ്രോഗം വികസിക്കുന്നത്. ഗവേഷണങ്ങൾ കാണിക്കുന്നത് ഇന്ത്യയിലെ മുതിര്‍ന്നവരില്‍ മരണത്തിന്റെ പ്രധാന കാരണമായി ഹൃദയസംബന്ധമായി അസുഖങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍ ജീവിക്കുന്ന പുരുഷന്മാരില്‍. പുരുഷന്മാര്‍ക്ക് 50 വയസ്സ് എത്തുമ്പോള്‍ ഹൃദയ സംബന്ധമായ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇന്ത്യക്കാര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

 

ഒരു സമ്പൂര്‍ണ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ (‘മോശം’ കൊളസ്‌ട്രോള്‍), എച്ച്ഡിഎല്‍ (‘നല്ല’ കൊളസ്ട്രോള്‍) ട്രൈഗ്ലിസറൈഡുകള്‍ എന്നിവ അളക്കുന്നു. പതിവ് സമ്മര്‍ദ്ദ പരിശോധനയ്ക്കൊപ്പം ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നതിന് മുന്‍പ് തന്നെ ഈ പരിശോധനകള്‍വഴി മുന്നറിയിപ്പ് ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നു.

പ്രമേഹ പരിശോധന

ഇന്ത്യയെ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഉദാസീനമായ ജീവിതശൈലി, വര്‍ധിച്ചുവരുന്ന പൊണ്ണത്തടി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, വിട്ടുമാറാത്ത സമ്മര്‍ദ്ദം എന്നിവയെല്ലാം പ്രമേഹത്തിന് കാരണമാകാറുണ്ട്. രോഗലക്ഷണങ്ങള്‍ ഉണ്ടാകാതെ വര്‍ഷങ്ങളോളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുതന്നെ നില്‍ക്കാറുണ്ട്. അമിതമായ ദാഹം, ക്ഷീണം അല്ലെങ്കില്‍ കാഴ്ച മങ്ങല്‍ എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ ശരീരത്തില്‍ ഉപാപചയ നാശങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും.

 

40കളിലെത്തുമ്പോള്‍ സാധാരണയായി ശാരീരിക വ്യായാമക്കുറവും വയറിലെ കൊഴുപ്പിന്റെ വര്‍ധനവും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിനുള്ള പ്രധാന ട്രിഗറുകളായി പ്രവര്‍ത്തിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസിലാക്കാനായി പല വിദഗ്ധരും HbA1c പരിശോധന ശുപാര്‍ശ ചെയ്യുന്നു. മാത്രമല്ല ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c) പരിശോധന എന്നറിയപ്പെടുന്ന മറ്റൊരു പരിശോധനയും ഉണ്ട്. ഇതിലൂടെ കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളിലുണ്ടായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ വിശ്വസനീയമായ ഫലങ്ങള്‍ നല്‍കുന്നു. പ്രീഡയബറ്റിസ് തിരിച്ചറിയുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭം ഗണ്യമായി വൈകിപ്പിക്കുകയോ തിരിച്ചറിയുകയോ ചെയ്യാന്‍ സഹായിക്കുന്നു.

പ്രോസ്റ്റേറ്റ് സ്‌ക്രീനിംഗ്

പ്രായത്തിനനുസരിച്ച് പ്രോസ്റ്റേറ്റിന് പല മാറ്റങ്ങളും സംഭവിക്കുന്നു. ഈ മാറ്റങ്ങളില്‍ പലതും നിരുപദ്രവകരമാണെങ്കിലും ചിലത് കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതര അവസ്ഥകളെ സൂചിപ്പിക്കാം. വാര്‍ധക്യത്തോടെ പുരുഷ പ്രത്യുത്പാദന വ്യവസ്ഥയില്‍ സ്വാഭാവികമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അതിനാല്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റല്‍ റെക്ടല്‍ പരിശോധനയ്ക്കൊപ്പം പ്രോസ്റ്റേറ്റ് – സ്പെസിഫിക് ആന്റിജന്‍ (PSA) രക്ത പരിശോധനയും ഉള്‍പ്പെടുന്നു.

 

വിറ്റാമിന്‍ ഡി, ബി 12, അസ്ഥികളുടെ ആരോഗ്യം എന്നിവ പരിശോധിക്കാം

പല മുതിര്‍ന്നവരിലും വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12 എന്നിവയുടെ കുറവുണ്ട്. വീടിനുള്ളിലും ഓഫീസിനുള്ളിലുമുള്ള ജീവിതശൈലി, മലിനീകരണം, ഭക്ഷണക്രമം എന്നിവ വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നതിന് കാരണമാകുന്നു. അതുപോലെ സസ്യാഹാരകുറവും ബി 12 ന്റെ കുറവിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഈ വിറ്റാമിനുകളുടെ കുറവ് നിരന്തരമായ ക്ഷീണം, പേശികളിലെ ബലഹീനത, ചിന്തകളിലെ വ്യക്തതയില്ലായ്മ എന്നിവയ്‌ക്കെല്ലാം കാരണമായേക്കാം. ഇവ പലപ്പോഴും വാര്‍ധക്യം മൂലമുണ്ടാകുന്ന പൊതുവായ സമ്മര്‍ദ്ദ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് കാലക്രമേണ അസ്ഥികളുടെ ശക്തിയേയും ബാധിച്ചേക്കാം. അതുപോലെതന്നെ വിറ്റാമിന്‍ ഡി3 കുറയുന്നത് കാല്‍സ്യം ആഗീരണം ചെയ്യുന്നതിനെ തടസപ്പെടുത്തുകയും അസ്ഥി ധാതുക്കളുടെ സാന്ദ്രത വേഗത്തില്‍ കുറയാന്‍ കാരണമാവുകയും ചെയ്യും. ലളിതമായ രക്ത പരിശോധനകള്‍ നടത്തുന്നത് വിറ്റാമിനുകളുടെ കുറവ് തിരിച്ചറിയാന്‍ സഹായിക്കും.

കരള്‍ വൃക്ക പരിശോധനകള്‍

മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അവയവങ്ങളാണ് കരളും വൃക്കയും. അവ മാലിന്യങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്നു, പോഷകങ്ങള്‍ സംസ്‌കരിക്കുന്നു, ശരീരത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ആന്തരിക സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കേടുപാടുകള്‍ സംഭവിച്ചുകഴിഞ്ഞാലും ഈ അവയവങ്ങള്‍ പലപ്പോഴും പ്രവര്‍ത്തനം നിര്‍ത്താത്തതുകൊണ്ട് രോഗം തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.

 

കരള്‍ പ്രവര്‍ത്തന പരിശോധനകള്‍ (LFT) നടത്തുന്നത് കരളിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന എന്‍സൈമുകളെയും പ്രോട്ടീനുകളെയും വിലയിരുത്താന്‍ സഹായിക്കുന്നു. കിഡ്‌നി ഫംങ്ഷന്‍ പരിശോധനകള്‍(KFT) സെറം ക്രിയേറ്റിന്‍, യൂറിക് ആസിഡ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. അതുപോലെതന്നെ മദ്യം കഴിക്കാതെ ഉണ്ടാകുന്ന ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) കേസുകള്‍ അതിവേഗം വര്‍ധിച്ചുവരികയാണ്. അതുകൊണ്ട് കരള്‍ എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതും നിര്‍ണായകമാണ്.

Share news