നിർമ്മിത ബുദ്ധി: ജീവനക്കാർക്ക് പരിശീലന ക്ലാസ് നൽകി
.
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസ് പ്രവർത്തനങ്ങളിൽ നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലയിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് അസിസ്റ്റന്റ് ഡയറക്ടർ ടി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് പി. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. പരിശീലകൻ ഷമീൽ മലയമ്മ വിഷയാവതരണം നടത്തി.

ഫയലുകളും രേഖകളും തയ്യാറാക്കൽ, വിവർത്തനം, ഡാറ്റാ വിശകലനം, സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ പട്ടിക കൃത്യമാക്കൽ, ഇമെയിൽ മാനേജ്മെന്റ്, ഓഫീസ് നടപടിക്രമങ്ങൾ ലഘൂകരിക്കൽ എന്നിവയ്ക്ക് എഐ ടൂളുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ക്ലാസിൽ വിശദീകരിച്ചു. ഭരണരംഗത്ത് സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാനും ജീവനക്കാരുടെ ജോലിഭാരം കുറച്ച് പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഇത്തരം സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താമെന്ന് പരിപാടിയിൽ വ്യക്തമാക്കി.

പരിശീലനത്തിൽ ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങളും തീരുമാനങ്ങളും തുടർനടപടികൾക്കായി സർക്കാരിന് സമർപ്പിക്കും. ടെക്നിക്കൽ അസിസ്റ്റന്റുമാരായ സായി പ്രശാന്ത്, അജ്നാസ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഷിജി, റിജി മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



