KOYILANDY DIARY.COM

The Perfect News Portal

പരിധിയിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടെന്ന് പരാതി: കേരളത്തിലെ പെട്രോൾ പമ്പുകളിൽ പരിശോധന

.

പെട്രോൾ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടെന്ന പരാതിയിൽ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ പരിശോധന. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. ചില സംസ്ഥാനങ്ങളിൽ അധിക അളവിൽ എഥനോൾ കണ്ടെത്തിയതോടെ E20 പെട്രോൾ നയത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.

 

പെട്രോൾ പമ്പുകളിൽ നിന്നും ടാങ്കറുകളിൽ നിന്നുമാണ് പരിശോധന നടത്തുന്ന പ്രത്യേക സ്ക്വാഡ് സാംപിളുകൾ ശേഖരിക്കുന്നത്. E20 പെട്രോളിൽ എത്ര ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താനാണ് പരിശോധന. ആറ് സാംപിളുകളാണ് ശേഖരിക്കുന്നത്. ശേഖരിച്ച സാംപിളുകൾ ഫോറൻസിക് ലാബിൽ പരിശോധന നടത്തുമെന്ന് കണ്ണൂരിലെ സ്‌ക്വാഡ് തലവൻ ജില്ലാ സപ്ലെ ഓഫീസർ എം സുനിൽ കുമാർ പറഞ്ഞു.

 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടന്നത്. കർണാടകയിലെ ചില പമ്പുകളിൽ 26 ശതമാനം മുതൽ 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയിരുന്നു. ഒരു ഭാഗത്ത് E20 പെട്രോൾ നയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്.

 

എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുക വഴി വാഹനത്തിന് എഞ്ചിൻ തകരാർ, ഇന്ധനക്ഷമത കുറയൽ, റബർ ഭാഗങ്ങൾക്ക് കേടുപാടുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു എന്നാണ് പരാതി. ശുദ്ധമായ ഇന്ധനം അവകാശമാണെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങൾ ഉയരുന്നത്.

Share news