KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ പരിശോധിക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായാൽ ഇരകൾക്ക് ബാങ്കുകൾ നഷ്ടപരിഹാരം നൽകണം: സുപ്രീം കോടതി

.

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പ് കേസുകൾ പരിശോധിക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായാൽ ഇരയാകുന്നവർക്കുണ്ടാകുന്ന നഷ്ടത്തിന് ബാങ്കുകൾ ഉത്തരവാദികളായിരിക്കുമെന്ന് സുപ്രീം കോടതി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരി​ഗണിച്ചത്.

 

ഡിജിറ്റൽ അറസ്റ്റ്, സൈബർ തട്ടിപ്പ് തുടങ്ങിയ സംഭവങ്ങളിൽ ബാങ്കുകളുടെ ഭാഗത്ത് നിന്ന് ജാ​ഗ്രത കുറവുണ്ടായതായി കണ്ടെത്തിയാൽ ഉപഭോക്താവിന് നഷ്ടപ്പെട്ട തുക ബാങ്കുകൾ തിരികെ നൽകണമെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി 10,000 രൂപ പിൻവലിക്കുന്ന ഉപഭോക്താവ് 50,000 രൂപ പിൻവലിച്ചാൽ അത് ബാങ്കുകൾ പരിശോധിക്കേണ്ടതില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

 

ഈ വർഷം മാത്രം രാജ്യത്ത് ഇത്തരം തട്ടിപ്പുകളിലൂടെ ഏകദേശം 800 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ പണം കൈമാറാൻ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ പ്രശ്‌നവും ബാങ്കുകളുടെ ഉത്തരവാദിത്തവുമാണ് പ്രധാനമായും പരിഹരിക്കപ്പെടേണ്ടതെന്നും കോടതി വ്യക്തമാക്കി.

 

Share news