കുട്ടികളിലെ തലവേദനയെ നിസാരമായി കാണരുത്
.
മൈഗ്രെയ്ൻ (Migraine) ഇന്ന് മുതിർന്നവരെ മാത്രം ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമല്ല. കുട്ടികളിലും കൗമാരക്കാരിലും സാധാരണയായി കണ്ടുവരുന്ന രോഗമായി മൈഗ്രേയ്ൻ മാറിക്കഴിഞ്ഞു. ആവർത്തിച്ചുള്ള തലവേദന കുട്ടികളുടെ പഠനത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ഉറക്കത്തെയും മാനസികാവസ്ഥയെയും വരെ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ കുട്ടികളിലെ തലവേദനയെ നിസാരമായി കാണരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഈ പ്രശ്നത്തെ മുൻകൂട്ടി കണ്ട് പരിഹരിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന ഉപദേശം. ഉറക്കക്കുറവും തെറ്റായ ജീവിതശൈലികളുമാണ് കുട്ടികളിലെ മൈഗ്രെയിനിന്റെ പ്രധാന കാരണമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ക്രമരഹിതമായ ഉറക്കശീലങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, അമിതമായ സ്ക്രീൻ ഉപയോഗം, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് തുടങ്ങിയവ കുട്ടികളിൽ മൈഗ്രെയ്ൻ ഉണ്ടാകുന്നതിന് കാരണമാകാം.

രാത്രി വൈകി ഉറങ്ങുക, ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുക, ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം പാലിക്കാതിരിക്കുക തുടങ്ങിയവ മൈഗ്രെയ്ൻ ആക്രമണങ്ങൾക്ക് കാരണമായേക്കാം. കുട്ടികളുടെ ഉറക്കക്രമം താളംതെറ്റുന്നത് തലവേദനയുടെ ആവർത്തനം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതിനുപുറമെ തിരക്കേറിയ ദിനചര്യ, ദീർഘദൂര യാത്രകൾ, ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് തുടങ്ങിയവയും ഇതിന് കാരണമായേക്കാം.

അതേസമയം മൈഗ്രെയ്ൻ ആരംഭിക്കുന്നതിന്റെ ആദ്യ സൂചനകൾ കുട്ടികൾക്ക് തിരിച്ചറിയാനോ മാതാപിതാക്കളോട് കൃത്യമായി പറയാനോ കഴിഞ്ഞെന്നുവരില്ല. തലവേദന എപ്പോൾ ഉണ്ടാകുന്നു, അതിന് മുമ്പ് കുട്ടി എത്രനേരം ഉറങ്ങി, അന്നത്തെ പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് തുടക്കത്തിൽ തന്നെ മൈഗ്രെയ്ൻ കണ്ടെത്താൻ സഹായിക്കും.
കുട്ടികളിലെ മൈഗ്രെയ്ൻ നിയന്ത്രിക്കാൻ കൃത്യമായ ഉറക്കക്രമം പാലിക്കുക, തിരക്കേറിയ ദിനചര്യയിൽ വിശ്രമത്തിന് സമയം കണ്ടെത്തുക, മൈഗ്രെയ്ൻ ഉണ്ടാകാൻ കാരണമാകുന്ന വ്യക്തിഗത ഘടകങ്ങൾ തിരിച്ചറിയുക തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. ആവർത്തിച്ചുള്ള തലവേദനയുള്ള കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ ഉറപ്പാക്കുകയും വേണം.



