ജിഎൻഎ വൈദ്യുതി കരാറിൽ നിന്ന് പിന്മാറി സർക്കാർ: നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB
.
ജിഎൻഎ വൈദ്യുതി കരാറിൽ നിന്ന് പിന്മാറി സംസ്ഥാന സർക്കാർ. അടുത്ത രണ്ട് മാസത്തേക്ക് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ലെന്നതാണ് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിന് കാരണമായി പറയുന്നത്. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം കെഎസ്ഇബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയും വിലയിരുത്തി.

ഇരുവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും നിലവിലെ സ്ഥിതിഗതികൾ ധരിപ്പിക്കുകയും ചെയ്തു. ജിഎൻഎ കരാറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മറ്റ് സ്രോതസുകളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാനുള്ള സാധ്യത നിലനിൽക്കെ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ കാണിക്കുന്ന താൽപ്പര്യം എന്തിനാണെന്നായിരുന്നു പ്രധാന ചോദ്യം. കരാർ മുഖ്യമന്ത്രിയുടെ മാത്രം താൽപ്പര്യമാണെന്ന വിമർശനവും ഉയർന്നിരുന്നു.

ഇതിനിടെയാണ് കരാറിൽ നിന്ന് സർക്കാർ തൽക്കാലം പിന്മാറുന്നത്. അതേസമയം, വൈദ്യുതി ക്ഷാമം സംബന്ധിച്ച് മുൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യത്തിൻ്റെ കുറിപ്പ് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായും വിവരമുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമത്തിന് സാധ്യതയുണ്ടെന്നായിരുന്നു രാജമാണിക്യത്തിന്റെ കുറിപ്പിലെ മുന്നറിയിപ്പ്. ജിഎൻഎ കരാറിനെതിരെ നിലപാടെടുത്ത ഉദ്യോഗസ്ഥനായിരുന്നു എം ജി രാജമാണിക്യം.




