KOYILANDY DIARY.COM

The Perfect News Portal

ദിവസവും അച്ചാർ നിർബന്ധമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

.

മിക്ക വീട്ടിലെയും അടുക്കളയിൽ കണ്ടേക്കാവുന്ന ഒന്നാണ് അച്ചാറുകൾ. ദീർഘകാലം കേടുകൂടാതെ സൂക്ഷിച്ച് വെച്ച് ദിവസേന ചോറിനൊപ്പവും മറ്റും അച്ചാർ കഴിക്കുന്നവരാകും മിക്കവരും. മാങ്ങ, നാരങ്ങ, വെളുത്തുള്ളി എന്ന് വേണ്ട നോൺവെജ് അച്ചാറുകൾ വരെയുണ്ട്. എന്നാൽ അച്ചാർ ദിവസവും കഴിക്കുന്നത് നല്ലതാണോ? അച്ചാർ കഴിക്കുന്നത് അമിതമായാൽ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

 

അച്ചാറുകൾ കൂടുതലായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ വഷളാക്കാൻ ഈ അച്ചാറിന് കഴിയും. അച്ചാറിൽ അമിതമായ ഉപ്പുണ്ട്. കടകളിൽ നിന്ന് വാങ്ങിയവയാണെങ്കിൽ പ്രത്യേകിച്ചും ഉപ്പിന്റെ അളവ് കൂടുതലായിരിക്കും. ഇത് രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും ഇടയാക്കും. അസിഡിറ്റിയുടെ ഒരു പ്രധാന കാരണവും ഈ അച്ചാറിന്റെ അമിത ഉപയോഗമാണെന്ന് പറയാം.

 

കൂടാതെ കടകളിൽ നിന്ന് വാങ്ങുന്ന അച്ചാറുകളിൽ അമിതമായി ഉപ്പിന് പുറമേ പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. ഇത് കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകാമെന്ന് പല പഠനങ്ങളും പറയുന്നു. വീട്ടിൽ ആരോ​ഗ്യത്തെ ഹനിക്കാത്ത വിധം അച്ചാറുകൾ തയ്യാറാക്കാം.

 

എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിൽ അച്ചാറുകൾ ഉണ്ടാക്കാം. അതിലെ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ഉപ്പ്, എണ്ണ എന്നിവ വളരെ കുറച്ചും, കൃത്രിമ വസ്തുക്കളോ കൂടുതൽ പ്രിസർവേറ്റീവുകളോ ഉപയോഗിക്കാതെ അച്ചാർ ഉണ്ടാക്കുന്നതാണ് ആരോഗ്യപ്രദം. അച്ചാറിലെ പുളിയിൽ പ്രോബയോട്ടിക് ബാക്ടീരിയയുണ്ട്.

 

ദഹനം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കാൻ ഇവ സഹായിക്കും. ഇതിനായി ലെമൺ ജ്യൂസ്, നാച്ചുറൽ വിനിഗർ എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയിൽ എന്നിവ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ.

 

Share news