KOYILANDY DIARY

The Perfect News Portal

അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിച്ച്‌ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

അമ്പലപ്പുഴ: അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിച്ച്‌ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പുന്നപ്ര വടക്കു പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഗീതാഭവനില്‍ ചന്ദ്രന്‍ പിള്ളയുടെ ഭാര്യ സുകുമാരി (54) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ചന്ദ്രന്‍ പിള്ള (57), മകന്‍ കൃഷ്ണചന്ദ്രന്‍ (24), ചന്ദ്രന്‍ പിള്ളയുടെ സഹോദരനും ഓട്ടോ ഡ്രൈവറുമായ ഉണ്ണിക്കൃഷ്ണന്‍ (50) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുന്നപ്രദേശീയപാതയില്‍ വാട്ടര്‍ ഹൗസിനു സമീപം വെച്ചായിരുന്നു അപകടം. വണ്ടാനം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുകുമാരിയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പിള്ളയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജു ചെയ്ത് വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുവരവെ എതിര്‍ദിശയില്‍ നിന്നും അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് റോഡില്‍ തെറിച്ചുവീണ സുകുമാരിയ്ക്ക് അപകട സ്ഥലത്തു വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. ഓട്ടോപൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *