KOYILANDY DIARY.COM

The Perfect News Portal

കേസെടുത്താലും പ്രതിഷേധം തുടരും: സമരസമിതി നേതാവ് വളർമതി

.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിനെതിരായ പൊലീസിന്റെ പ്രതികാര നടപടിയിൽ പ്രതികരിച്ച് സമരത്തിന്റെ പ്രധാന നേതാവും സമരസമിതി സെക്രട്ടറിയുമായ വളർമതി. ഇവരെ ഒന്നാം പ്രതിയാക്കിയായാണ് പൊലീസ് കേസെടുത്തത്. സെക്രട്ടേറിയേറ്റ് മെയിൻ ഗേറ്റിന് സമീപം മുദ്രാവാക്യം വിളിച്ച് പ്രതിഷേധ ജാഥ നടത്തിയെന്ന് പറഞ്ഞാണ് കേസെടുത്തത്.

 

എന്നാൽ കേസെടുത്താലും പ്രതിഷേധം തുടരുമെന്ന് വളർമതി വ്യക്തമാക്കി. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് പറഞ്ഞ അവർ കേസെടുത്തത് തങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ സർക്കാരിന്റെ ഈ ശ്രമം പാഴാകുമെന്നും തങ്ങൾ പ്രതിഷേധം ശക്തമാക്കുമെന്നും വളർമതി വ്യക്തമാക്കി.

 

യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് അക്രമം നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേതൃത്വം നൽകിയ മന്ത്രി ഒ ജെ ജനീഷിനും ഷാഫി പറമ്പിൽ എംപിക്കും എതിരെ എന്തുകൊണ്ട് കേസെടുത്തില്ല എന്നും വളർമതി ചോദിച്ചു. സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കണ്ടോൺമെന്റ് പൊലീസ് കേസെടുത്തത്. തിരിച്ചറിഞ്ഞ എട്ട് പേർക്കും, കണ്ടാലറിയാവുന്ന അമ്പത് പേർക്കുമെതിരെയാണ് കേസ്.

 

പൊതുവീഥികളിൽ ജാഥകളും സമരങ്ങളും നടത്താൻ പാടില്ലെന്ന ഉത്തരവ് ലംഘിച്ചെന്നും കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഉറപ്പുകൾ പാലിക്കാത്തതിനാൽ ആണ് വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വന്നതെന്നും, ഇത്തരം നടപടികൾക്ക് തങ്ങളെ അടിച്ചമർത്താൻ ആവില്ലെന്നും റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. അതേസമയം ഇന്ന് സമരം കടുപ്പിച്ച ഉദ്യോഗാർത്ഥികൾ അമരഗേറ്റ് ഉപരോധിച്ചു.

 

സെക്രട്ടറിയേറ്റിനു മുന്നിലെ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം 118 -ാം ദിവസവും തുടരുകയാണ്. വളർമതിയുടെ നേതൃത്വത്തിൽ സമരസമിതി മുഴുവൻ സെക്രട്ടേറിയേറ്റ് സമര ഗേറ്റിന് മുന്നിലേക്ക് പ്രതിഷേധം മാറ്റി. നേരത്തെ മുഖ്യമന്ത്രിയുടെ മറുപടിക്ക് തലമുണ്ഡനം ചെയ്താണ് വളർമതി മറുപടി നൽകിയത്. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ അടിവരയിട്ടു.

 

Share news