കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ ആക്രമണം: രണ്ട് എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ
.
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലേക്ക് ആയുധങ്ങളുമായെത്തിയ രണ്ട് എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ. ക്യാമ്പസിലെ സംഘർഷത്തിൽ എംഎസ്എഫ് നൽകിയ പരാതിയിൽ ഒരു എസ്എഫ്ഐ പ്രവർത്തകനെയും അറസ്റ്റ് ചെയ്തു. അതേസമയം ആശുപത്രി ആക്രമിച്ച എംഎസ്എഫ് നേതാക്കളെ രണ്ടു ദിവസം പിന്നിട്ടിട്ടും പിടികൂടാനായില്ല. സർവ്വകലാശാലയിലെ ആക്രമണത്തിൽ എംഎസ്എഫ് പ്രവർത്തകരായ എടപ്പാൾ സ്വദേശി പി. ഷറഫുദ്ദീൻ, കെ പി മുഹമ്മദ് ഫുഹാദ് എന്നിവരാണ് അറസ്റ്റിലായത്.

മാരകായുദ്ധങ്ങളുമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ്. എംഎസ്എഫ് നൽകിയ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകനായ മിദിലാജിനെയും അറസ്റ്റ് ചെയ്തു. എംഎസ്എഫ് നൽകിയ മറ്റൊരു പരാതിയിൽ വളാഞ്ചേരിയിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയിലെ എസ്എഫ്ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ രാത്രിയും പകലും പൊലീസെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.

അതേസമയം ആരോഗ്യപ്രവർത്തകർ നൽകിയ ആശുപത്രി ആക്രമണ കേസിൽ ഒരാളെപ്പോലും പൊലീസ് അറസ്റ്റ് ചെയ്തില്ല. എംഎസ്എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുൾപ്പെടെ എട്ട് പേരാണ് പ്രതികൾ. സർവ്വകലാശാലയിൽ ഇന്ന് നടക്കേണ്ടിയിരുന്ന അക്കാദമിക് കൗൺസിൽ യോഗം സംഘർഷ സാധ്യത കണക്കിലെടുത്ത് മാറ്റിവെച്ചു.




