നെടുമ്പാശേരി വാഹനാപകടം: മുഖ്യ പ്രതി സുഹൈൽ ഉൾപ്പെടെ നാല് പേർ വീണ്ടും പൊലീസ് കസ്റ്റഡിയിൽ
.
നെടുമ്പാശേരി മിനി കൂപ്പർ നരഹത്യയിൽ മുഖ്യ പ്രതി സുഹൈൽ അടക്കമുള്ള നാലുപേർ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി. പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി.

ഇന്നലെ ദില്ലിയിൽ നിന്നുള്ള ബിഎംഡബ്ല്യു ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി അപകടമുണ്ടാക്കിയ മിനി കൂപ്പർ കാർ പരിശോധിച്ചിരുന്നു. 150 കിലോമീറ്റർ വേഗതയിലായിരുന്നു സുഹൈൽ മിനി കൂപ്പർ ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന ശാസ്ത്രീയ പരിശോധന ഫലവും പൊലീസിന് ലഭിച്ചിരുന്നു. ഒക്ടോബർ 10ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാർത്ഥികളും തൃക്കാക്കര കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രിയിൽ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടം നടന്നത്.




