KOYILANDY DIARY.COM

The Perfect News Portal

ശബരിമല നെയ്ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

.

തിരുവനന്തപുരം: ശബരിമല നെയ്ക്രമക്കേട്, ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ജയലാലിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. ദേവസ്വം ജീവനക്കാരനായ ജയലാലിനായിരുന്നു സ്റ്റോറിന്റെ ചുമതല. നേരത്തെ ശബരിമല മിൽമ നെയ് ക്രമക്കേടിൽ റിമാൻഡിലായ കരാറുകാരൻ എസ് എസ് ബിനുവിനെ വിജിലൻസിൻ്റെ കസ്റ്റഡിയിൽ വിട്ടു.

 

മൂന്ന് ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ നൽകിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം തമിഴ്നാട്ടിൽ ഉൾപ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് നീക്കം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ക്രമക്കേടിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

 

പ്രതിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെ മറ്റ് കണ്ണികളിലേക്ക് എത്താനാകുമെന്ന കണക്കുകൂട്ടലിലാണ് വിജിലൻസ്. കഴിഞ്ഞ മണ്ഡല- മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചതെന്നും കണ്ടെത്തി.

 

ഇതിലൂടെ രണ്ടര കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് നിഗമനം. ട്രാൻസ്പോർട്ട് കരാറുകാരനായ എസ് എസ് ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.

 

Share news