ഫറോക്കിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു: ആളപായമില്ല
.
കോഴിക്കോട്: ഫറോക്കിലെ പഴയ പാലത്തിന് സമീപം മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ആർജെ എന്ന മത്സ്യബന്ധന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിവരം അറിഞ്ഞ മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

എന്നാല്‍ അപ്പോഴേക്കും ബോട്ട് കരയോട് അടുപ്പിച്ച് കെട്ടിയിരുന്ന കയറിലേക്കും തീപടര്‍ന്നു. ഇതോടെ കെട്ട് അറ്റുപോയ ബോട്ട് ഒഴുകി പോകാന്‍ തുടങ്ങി. ഇത് തീയണക്കലിന് വലിയ വെല്ലുവിളി സൃഷ്ടിച്ചു. തുടർന്ന് സ്ഥലത്തെത്തിയ രണ്ട് ഫയർ യൂണിറ്റുകളിൽ ഒരു വാഹനം പാലത്തിന് മുകളിലേക്ക് കയറ്റിയ ശേഷം താഴെയുള്ള ബോട്ടിലേക്ക് വെള്ളം പമ്പ് ചെയ്തു. എന്നാൽ ബോട്ട് വീണ്ടും നീങ്ങിയതിനാൽ ഈ ശ്രമം വിജയം കണ്ടില്ല. എന്നാൽ ഫയർ യൂണിറ്റ് അംഗങ്ങൾ തീ അണക്കാനുള്ള ശ്രമം ഉപേക്ഷിച്ചില്ല.

ഉടൻ തന്നെ മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ഇ. ശിഹാബുദ്ദീനും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനു പ്രസാദും ഏറെ സാഹസികമായി പുഴയിൽ ഇറങ്ങിയ ശേഷം നീന്തി ചെന്ന് ബോട്ടിൽ മറ്റൊരു കയർ ഉപയോഗിച്ച് കുരുക്കിട്ട ശേഷം മറ്റ് ഫയർ യൂണിറ്റ് അംഗങ്ങളുടെ സഹായത്തോടെ ബോട്ട് കെട്ടിവലിച്ച് കരയ്ക്ക് അടുപ്പിച്ചു.

കൂടാതെ അതിസാഹസികമായി തീ കത്തുന്ന ബോട്ടിലെ നിന്നും എൽപിജി സിലിണ്ടർ പുറത്തെടുക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. സമയോചിതമായ ഇടപെടലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. കൂടാതെ എൽപിജി സിലിണ്ടർ മാറ്റിയതും വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ബോട്ട് ഉടമക്ക് ഉണ്ടായത്.



