എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്തു; വളർമതി ഒന്നാം പ്രതി
.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സിനെതിരെ പ്രതികാര നടപടിയുമായി പൊലീസ്. സമരം ചെയ്തതിന് റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തി എന്ന് പറഞ്ഞാണ് കേസ്. എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന്റെ പ്രധാന നേതാവും സമരസമിതി സെക്രട്ടറിയുമായ വളർമതിയാണ് കേസിലെ ഒന്നാം പ്രതി.

തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ടോൺമെന്റ് പൊലീസ് ആണ് റാങ്ക് ഹോൾഡേഴ്സിനെതിരെ കേസടുത്തത്. റാങ്ക് ഹോൾഡേഴ്സ് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ വിറളിപിടിച്ച യുഡിഎഫ് സർക്കാർ സമരക്കാരെ ഭീഷണിപ്പെടുത്തി ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.

സെക്രട്ടേറിയറ്റിനു മുന്നിൽ കഴിഞ്ഞ 116 ദിവസമായി സമരം തുടരുകയാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസമെടുത്ത് ഉദ്യോഗാർഥികളെ പാടേ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് രണ്ടാം തവണയും വളർമതി നിരാഹാര സമരം ആരംഭിച്ചു. കബളിപ്പിച്ചവരെ ഇനി കണ്ണടച്ച് വിശ്വസിക്കില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ വളർമതി സർക്കാരിന്റെ കൈയിൽ ഒരു കണക്കുമില്ലെന്നും പറഞ്ഞിരുന്നു.

ഡിവിഷൻ കുറവ് കാരണം എത്ര അധ്യാപകർ പുറത്തുനിൽക്കുന്നു, വിരമിക്കൽ, എച്ച്ടിവി തസ്തിക എത്ര എന്നതിനൊക്കെ സർക്കാരിന്റെ കൈയിൽ കണക്കുണ്ടെങ്കിൽ കാണിക്കട്ടെയെന്നും അവർ വെല്ലുവിളിച്ചു. നിയമസഭയിലുയർന്ന ചോദ്യങ്ങളിൽ പോലും വ്യക്തമായ കണക്ക് വിദ്യാഭ്യാസ മന്ത്രിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ കൈയിൽ ഏകദേശ കണക്കുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു.



