KOYILANDY DIARY.COM

The Perfect News Portal

വടകര എംഡിഎംഎ കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

.

കോഴിക്കോട്: വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എം കെ ഷൈന്‍ മോന്റെ നേതൃത്വത്തില്‍ നാലംഗ സമിതി അന്വേഷിക്കും. ഇത് സംബന്ധിച്ച് എസ്എസ്‌കെ പ്രൊജക്ട് ഡയറക്ടര്‍ ഉത്തരവിറക്കി. പേരാമ്പ്ര ബിആര്‍സിയിലെ മൂന്ന് അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

 

പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു കഴിഞ്ഞു. അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ നടന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കീര്‍ത്തനയുടെ അക്കൗണ്ടില്‍ 14 ലക്ഷവും കാവ്യയുടെ അക്കൗണ്ടില്‍ ഒമ്പത് ലക്ഷവും എത്തിയിരുന്നു.

 

ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവരുടെ അക്കൗണ്ടില്‍ ഇത്രയും പണം എത്തിയത് ലഹരി ഇടപാട് വഴി എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇതോടെയാണ് സ്വത്ത് കണ്ട് കെട്ടാനുള്ള നീക്കത്തിലേക്ക് നടന്നത്. ഇവര്‍ ഉപയോഗിച്ച വിദേശ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ലഹരി വില്‍പ്പനയ്ക്കായാണ് നമ്പര്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്ക് വിദേശ സഹായം ലഭിച്ചോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യനാണ് നീക്കം.

Share news
error: Content is protected !!