കോടതികളിലും സൈന്യത്തിലും അന്വേഷണ ഏജൻസികളിലും ആർ.എസ്.എസ് കടന്നു കയറ്റം: എം എ ബേബി
.
കോഴിക്കോട്: രാജ്യത്തെ ഭരണകൂട സംവിധാനങ്ങളിലും കോടതികളിലും സൈന്യത്തിലും അന്വേഷണ ഏജൻസികളിലും ആർ.എസ്.എസ് വലിയ തോതിൽ സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എം.എ. ബേബി. അന്വേഷണ ഏജൻസികളിൽ ആർ.എസ്.എസ് നുഴഞ്ഞുകയറുന്നതിന്റെ പ്രത്യാഘാതമാണ് കേരളത്തിൽ ഇപ്പോൾ പാർട്ടി നേതൃത്വം നേരിട്ടുകൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയായ ആർ.എസ്.എസിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. എന്നാൽ, ഇന്ത്യാ ബ്ലോക്കിലെ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയെ കേവലം അധികാരത്തിലുള്ള മറ്റൊരു രാഷ്ട്രീയ പാർട്ടിയായി മാത്രം കാണുന്നത് ആർ.എസ്.എസിന്റെ ഫാസിസ്റ്റ് സ്വഭാവത്തിനെതിരായ ഫലപ്രദമായ പോരാട്ടത്തിന് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതികളിൽ വരെ വലിയ തോതിൽ ആർ.എസ്.എസ് സ്വാധീനമുണ്ടെന്നും, ജനങ്ങൾക്കിടയിൽ ഭരണകൂടത്തിന്റെ അനുബന്ധമാണെന്ന തോന്നൽ ഒഴിവാക്കാനും നിഷ്പക്ഷത തെളിയിക്കാനുമാണ് ചില സന്ദർഭങ്ങളിൽ ചില കോടതികളിൽ നിന്ന് വ്യത്യസ്തമായ പരാമർശങ്ങൾ വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ കോടിക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ഓഫ് വോട്ടേഴ്സ് ലിസ്റ്റ്’ എന്നത് യഥാർത്ഥത്തിൽ ‘സ്പെഷ്യൽ ഇന്റൻസീവ് റിമൂവൽ’ ആയി മാറിയിരിക്കുകയാണ്.

ജമ്മു കാശ്മീർ, അസാം, ബംഗാൾ എന്നിവിടങ്ങളിൽ ആർ.എസ്.എസ് താല്പര്യപ്രകാരം വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പിലും കൃത്രിമത്വം നടത്തിയിട്ടുണ്ടെന്നും പ്രമുഖ ഗവേഷകരും മുൻ ഉന്നത ഉദ്യോഗസ്ഥരും ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും എം.എ. ബേബി വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയില്ലെങ്കിലും അധികാരത്തിൽ തുടരുമെന്ന മട്ടിലാണ് ബി.ജെ.പിയും ആർ.എസ്.എസും നീങ്ങുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം കുറച്ചുകൂടി ഉത്തരവാദിത്തബോധത്തോടെയും ശ്രദ്ധയോടെയും പ്രവർത്തിച്ചിരുന്നെങ്കിൽ ബി.ജെ.പി സഖ്യത്തെ തോൽപ്പിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഈ നവഫാസിസ്റ്റ് പ്രവണതകൾക്കെതിരെ പോരാടാൻ ശക്തമായ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയും രാജ്യത്ത് ഉയർന്നുവരണമെന്ന് ആഹ്വാനം ചെയ്തു.




