ചേരാനല്ലൂര്‍ വാഹനാപകടം: കേസില്‍ വാദം നടക്കുക അടച്ചിട്ട മുറിയില്‍
.
കൊച്ചി: ചേരാനല്ലൂര്‍ ബെന്‍സ് അപകട കേസില്‍ വാദം നടക്കുക അടച്ചിട്ട മുറിയില്‍. കേസിലെ വാദത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നേര്‍ക്കുനേര്‍ വന്നതിന് പിന്നാലെയാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നാണ് കുടുംബത്തിന്റെ അഭിഭാഷകന് ആരോപിച്ചത്.

എന്നാല്‍ ജയബാലകൃഷ്ണന്റെ കുടുംബം സ്വതന്ത്രമായ അന്വേഷണത്തിന് തടസമുണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആരോപിക്കുകയായിരുന്നു. കോടതി നടപടികളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്‍കിയെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇത് ഗുരുതര ആരോപണമാണെന്ന് വിലയിരുത്തിയ കോടതി അനുവദിക്കാന്‍ ആകില്ലെന്ന് നിലപാടെടുത്തു. എന്നാല്‍ പ്രോസിക്യൂഷന് രേഖകള്‍ നല്‍കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചതോടെയാണ് കോടതി, വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. അടച്ചിട്ട മുറിയില്‍ വാദം പൂര്‍ത്തിയായി.

പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപ്പീലില്‍ ഉത്തരവ് വ്യാഴാഴ്ചയാണ് പുറപ്പെടുവിക്കുക. പ്രോസിക്യൂഷനുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് കുടുംബത്തിന്റെ അഭിഭാഷകന് എംജി ശ്രീജിത് പ്രതികരിച്ചത്. ഇരുവിഭാഗവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. അടച്ചിട്ട മുറിയില്‍ വാദം കേട്ടത് സ്വാഭാവിക നടപടിയാണെന്നും അഭിഭാഷകന് പ്രതികരിച്ചു. അതേസമയം കേസില്‍ പൊലീസ് തെളിവ് നശിപ്പിക്കല്‍ വകുപ്പു കൂടി ചുമത്തി.
BNS 238 ചുമത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ജഡ്ജി തെളിവ് നശിപ്പിച്ചിട്ടുണ്ടെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അപകടത്തിന് തൊട്ടുപിന്നാലെ സംഭവ സ്ഥലത്തേക്ക് എത്തിയ 17 കാരന്റെ പിതാവായ ജഡ്ജി തെളിവ് നശിപ്പിച്ചെന്നാണ് മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി.
കാറിലെ ജഡ്ജ് എന്നെഴുതിയ ബോര്‍ഡ് എടുത്ത് മാറ്റിയെന്നും സ്റ്റേഷനില്‍ വെച്ച് പൊലീസുകാരെ ചട്ടവിരുദ്ധമായി സ്വാധീനിച്ചുവെന്നും ആരോപിച്ചാണ് കുടുംബം ചേരാനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസില്‍ തെളിവ് നശിപ്പിക്കല്‍ വകുപ്പ് കൂടി ചേര്‍ത്തത്.
കുടുംബത്തിന്റെ മൊഴിയെടുത്ത ശേഷം ജഡ്ജി തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കും. തെളിവ് നശിപ്പിക്കല്‍ സംബന്ധിച്ച കുടുംബത്തിന്റെ പരാതി പരിശോധിച്ച ശേഷം കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചത്.



