ഇയർഫോൺ ഒരു ദിവസം എത്ര നേരം ഉപയോഗിക്കാം? കേൾവിയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാം
.
ഇയർഫോൺ ഇല്ലാതെ ഒരു ദിവസം മുന്നോട്ടു കൊണ്ടുപോകുന്നത് പലർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. പാട്ടുകൾ കേൾക്കാനും, കോൾ ചെയ്യാനും തുടങ്ങീ ഓൺലൈൻ മീറ്റിങുകളിൽ വരെ നമുക്ക് ഇന്ന് ഇയർഫോൺ നിർബന്ധമാണ്. ഉപയോഗിക്കാനുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്. എന്നാൽ നിരന്തരമുള്ള ഇയർഫോൺ ഉപയോഗം നിങ്ങളുടെ കേൾവിയെ അടക്കം ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കാണ് ഇയർഫോൺ ഉപയോഗം എത്തിക്കുക. കേൾവി ശക്തിയെ പ്രതികൂലമായി ബാധിക്കൽ, തലകറക്കം, വാക്സ് അടയൽ, അണുബാധ തുടങ്ങിയവയാണ് പ്രധാനമായുള്ള പ്രശ്നങ്ങൾ. ദിവസം ഉടനീളമുള്ള ഇയർഫോൺ ഉപയോഗം കേൾവി ശക്തിയെ പ്രതികൂലമായി ബാധിക്കും. ചെവിക്കുള്ളിലെ രോമകോശങ്ങൾക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നത് സ്ഥിരമായോ താത്കാലികമായോ നിങ്ങളുടെ കേൾവി ശക്തി ഇല്ലാതാക്കുന്നതിലേക്ക് നയിച്ചേക്കാം.

ഇയർഫോണുകൾ ചെവിയിലേക്ക് വെക്കുമ്പോൾ വായുസഞ്ചാരം തടസപ്പെടാൻ കാരണമാകുകയും ഇത് അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. ബാക്ടീരിയ വളരാൻ സാധ്യത കൂടുതലായതിനാൽ ഇയർഫോൺ നിരന്തരം ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യും. മറ്റൊരാൾ ചെവിയിൽ വെച്ച ഇയർഫോൺ വെക്കാതിരിക്കാനും ശ്രദ്ധിക്കണേ. ഇയർഫോണിന്റെ ഉപയോഗം തലകറക്കത്തിനും ചെവിക്കായം അടയാനും ഇടയാക്കും എന്നുള്ളതാണ് അടുത്ത വസ്തുത. വലിയ തോതിലുള്ള ശബ്ദം ഇയർകനാലിൽ മർദമുണ്ടാക്കുന്നതാണ് തലകറക്കത്തിലേക്ക് നയിക്കുന്നത്.




