KOYILANDY DIARY.COM

The Perfect News Portal

പ്രവാസിയെ കൊലപ്പെടുത്തി കാമുകന്റെ പ്രതികാരം; പ്രതികള്‍ അറസ്റ്റില്‍

ഓച്ചിറ: അയല്‍വാസിയുമായുള്ള ഭാര്യയുടെ അവിഹിതം കൈയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി കാമുകന്റെ പ്രതികാരം. സംഭവത്തില്‍ കാമുകന്‍ അടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ഭാര്യയുടെ കാമുകനുള്‍പ്പെട്ട മൂന്നംഗ സംഘത്തെയാണ് റിമാന്‍ഡ് ചെയ്തത്. ക്ലാപ്പന വടക്ക് കടവത്ത് ജംഗ്ഷന് സമീപം സുനീഷ് ഭവനില്‍ സുനീഷ് (31), വരവിള കടപ്പുറത്തേരില്‍ കിഴക്കതില്‍ കണ്ണന്‍ എന്നു വിളിക്കുന്ന രാജീവ് (32), ക്ലാപ്പന വടക്ക് കരൂര്‍ പടീറ്റതില്‍ സുരേഷ് (28) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് രാത്രി 12.30 മണിയോടെ പ്രയാര്‍ പെട്രോള്‍ പമ്ബിന് സമീപം വഴിയോരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്ലേശേരില്‍ ക്ഷേത്രത്തിന് സമീപം പുത്തന്‍തറയില്‍ രാജേഷിനെ (31) നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓച്ചിറ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച രാജേഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. ബഹ്‌റിനിലായിരുന്ന രാജേഷിന്റെ ഭാര്യ വിദ്യയും അയല്‍വാസിയായ സുരേഷും തമ്മില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ രജേഷ് സംഭവം അറിയുകയും ഇതേച്ചൊല്ലി ഭാര്യ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യ മകനുമായി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് പോയി. വിദ്യയുമായുള്ള ബന്ധം കാരണം സുരേഷിനെ വീട്ടുകാര്‍ നേരത്തേ പുറത്താക്കിയിരുന്നു.

പിന്നീട് ബന്ധുവായ സുനീഷിന്റെ വീട്ടിലായിരുന്നു സുരേഷിന്റെ താമസം. ഒക്ടോബര്‍ നാലിന് സുനീഷിന്റെ വീട്ടിലെത്തിയ വിദ്യ തനിക്ക് മര്‍ദനമേറ്റ വിവരം സുരേഷിനോട് പറഞ്ഞു. രാജേഷ് ജീവിച്ചിരുന്നാല്‍ തനിക്ക് വിദ്യയുമായി ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ സുരേഷ് സുനീഷുമായി ചേര്‍ന്ന് രാജേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ വിദ്യ രാജേഷിനെതിരെ ഓച്ചിറ പോലീസില്‍ പരാതി നല്‍കി. പോലീസ് എത്തുമെന്ന് ഭയന്ന് രാജേഷ് ഒക്ടോബര്‍ നാലിന് വൈകിട്ട് ബന്ധുവായ പ്രയാര്‍ തെക്ക് ശിവാലയത്തില്‍ സനീഷിന്റെ വീട്ടില്‍ അഭയം തേടി. രാത്രിയില്‍ ഇവിടെയെത്തിയ സുനീഷും സുഹൃത്ത് രാജീവും വീട്ടില്‍ നിന്ന് വിളിച്ചിറക്കി രാജേഷിനെ ക്രൂരമായി മര്‍ദിച്ചു.

തടയാന്‍ ശ്രമിച്ച സനീഷിനെ വടിവാളിന് വെട്ടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി. രാത്രി 11 മണിയോടെ സനീഷിന്റെ സ്‌കൂട്ടറുമായി പുറത്തുപോയ രാജേഷ് പുതുപ്പള്ളിയില്‍ വിദ്യയുടെ അമ്മാവന്റെ വീട്ടിലെത്തി പരാതിപറഞ്ഞ് തിരിച്ച്‌ വരും വഴി രാത്രി 12.30 മണിക്ക് പ്രയാര്‍ സൊസൈറ്റിക്ക് മുന്നിലെ ചപ്പാത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

അടിയേറ്റ് തലയും കഴുത്തും തോളെല്ലുകളും തകര്‍ന്നിരുന്നു. പുറമെയുള്ള പരിക്കുകള്‍ ഗുരുതരമല്ലായിരുന്നെങ്കിലും തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.സി.പി ബി. വിനോദ്. എസ്.ഐമാരായ ജ്യോതികുമാര്‍. അഷറഫ്, എ.എസ്.ഐമാരായ നിസാക്ക്, മണികണ്ഠന്‍, വിജയകുമാര്‍, അബ്ദുള്‍സലാം, റോബി, പ്രമോദ്, എസ്.സി.പി.ഒമാരായ സന്തോഷ്, ഹരികൃഷ്ണന്‍ എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!