ഹെല്‍ത്തി കേരള: ജില്ലയിലെ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി
.
കോഴിക്കോട്: ഹെല്‍ത്തി കേരള ആരോഗ്യ പരിശോധനയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍, സോഡ നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഐസ് ഫാക്റ്ററികള്‍, കുടിവെള്ള ബോട്ടിലിംഗ് യൂണിറ്റുകള്‍ എന്നിവയടക്കം ആകെ 1276 സ്ഥാപനങ്ങളിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും മാലിന്യം ശരിയായി സംസ്ക്കരിക്കാത്തതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും കൊതുകുകളുടെ ഉറവിടം ബന്ധപ്പെട്ട ഇടങ്ങളിൽ കണ്ടെത്തിയതിനും തുടങ്ങി പരിശോധനയില്‍ വിവിധ പോരായ്മകള്‍ കണ്ടെത്തിയ 117 സ്ഥാപനങ്ങള്‍ക്ക് അത് പരിഹരിക്കുവാന്‍ ആവശ്യപ്പെട്ട് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്കി. അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നും പിഴയിനത്തില്‍ 55600 രൂപ ഈടാക്കി. അപാകതകള്‍ കണ്ടെത്തിയ ആറ് സ്ഥാപനങ്ങള്‍ അടപ്പിച്ചു.
പുകയില നിരോധന നിയമപ്രകാരം 24200 രൂപ പിഴ ഈടാക്കി. സ്ഥാപനങ്ങളില്‍ പുകയില നിരോധന നിയമപ്രകാരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതിനും സ്ഥാപന പരിസരത്ത് പുകവലിച്ചതിനുമാണ് പിഴ ഈടാക്കിയത്. ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ 82 സ്ക്വാഡുകളിലായി 285 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



