അനധികൃത സ്വത്ത് സമ്പാദനം: ടോമിന് ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്
.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് കെ വി രജനീഷാണ് വിധി പറഞ്ഞത്. 2003 മുതൽ 2007 വരെയുള്ള ഔദ്യോഗിക കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ നിർണായക വിധി. 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കോടതി മുമ്പാകെ തച്ചങ്കരിക്കെതിരെയുള്ള കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ സംബന്ധിച്ച വാദം കേൾക്കുകയാണ്.

സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 2013ൽ ആണ് തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് കേസ് കോട്ടയം വിജിലൻസ് കോടതിയിലേക്ക് എത്തുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന ടോമിൻ തച്ചങ്കരിയുടെ ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. കോട്ടയം വിജിലൻസ് കോടതി ജഡ്ജ് കെ വി രജനീഷ് മുൻപാകെയാണ് വിചാരണ പൂർത്തിയായത്. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ തന്റെ കുടുംബ സ്വത്താണിത് എന്നായിരുന്നു തച്ചങ്കരിയുടെ വാദം.




