KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ഫുട്പ്പാത്ത് കൈയ്യേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു

കൊയിലാണ്ടി: പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്റ്റാന്റിലേക്കുള്ള പ്രധാനപ്പെട്ട നടപ്പാത കച്ചവടക്കാർ കൈയ്യേറിയതോടെ കാൽനട യാത്രക്കാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പട്ടണത്തിലെ കണ്ണായ സ്ഥലം ഫുട്പ്പാത്ത് കച്ചവടക്കാർക്ക് വിട്ടുകൊടുത്ത നഗരസഭയുടെ നടപടി പുനപ്പരിശോധിച്ച് കച്ചവടക്കാർക്ക് ടൗണിൽതന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവരെ പുനരധിവസിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കൊയിലാണ്ടിയിൽ പുതിയ ബസ്സ്സ്റ്റാന്റ് നിർമ്മാണ സമയത്ത് അന്നത്തെ പ്ലാനിൽ നിർദ്ദിഷ്ട സ്ഥലം ഫുട്പ്പാത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫുട്പ്പാത്തിൽ മേൽക്കൂര പണിയാനും തീരുമാനിച്ചിരുന്നു.  ട്രാഫിക് പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഇപ്പോൾ പുതിയ ബസ്സ്സ്റ്റാന്റിൽ നിന്ന് ബസ്സുകൾ ഹൈവെയിലേക്ക് കയറാൻ ഇതുവഴി തീരുമാനിച്ചതോടെ ബസ്സ്‌ ട്രാക്കിലൂടെയുള്ള കാൽനട യാത്ര അനുവദനീയമല്ല. അനക്‌സ് ബിൽഡിംഗിന്റെ മുൻവശത്തുകൂടി ഓട്ടോറിക്ഷ പാർക്കിംഗ് ആരംഭിച്ചതോടെ അവിടെയും കാൽനടയാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്.

രാവിലെയും വൈകുന്നേരവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇതുവഴി വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. നഗരസഭയുടെ അംഗീകൃത ഫുട്പ്പാത്തായ ഇവിടെ 40ൽ അധികം വരുന്ന വിവിധ കച്ചവടക്കാർ കൈയ്യേറിയതോടെ കാൽനടയാത്രക്കാർ തീർത്തും ദുരിതത്തിലായിരിക്കുകയാണ്.  ഇത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുനേരെ നടക്കുന്ന നഗ്നമായ ലംഘനമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഫുട്പ്പാത്തിന്റെ പകുതിയിലധികം ഇവർ കൈയേറിയതായാണ് കാണാൻ കഴിയുന്നത്. 

Advertisements

ഇവരെ പുനരധിവസിപ്പിക്കാൻ പുതിയ സ്റ്റാന്റിന് വടക്ക് ഭാഗത്ത് കംഫർട്ട് സ്റ്റേഷനടുത്തുള്ള ചെടിക്കച്ചവടം നടത്തുന്ന സ്ഥലമോ, RBDCക്ക് കീഴിലുള്ളമേൽപ്പാലത്തിനോട് ചേർന്നുള്ള സ്ഥലമോ ഉപയോഗിക്കാവുന്നതാണ്. ഇതിന് നഗരസഭ മുൻകൈ എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. നഗരസഭാ ഭരണകൂടം അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കൊയിലാണ്ടി സ്റ്റാന്റിൽ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം പ്രസിഡണ്ടിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി സേവ് ബിജെപി പോസ്റ്റർ

ജനങ്ങളെ ആശങ്കയിലാക്കി കൊയിലാണ്ടിയിൽ പുലിയിറങ്ങിയതായി വ്യാജസന്ദേശം

കൊയിലാണ്ടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *