വനിതാ സംവരണം; ഭരണഘടനയെ തകർക്കാനും ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആനി രാജ
.
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവ് ആനി രാജ. വനിതാ സംവരണത്തിന്റെ പേര് പറഞ്ഞ് ഭരണഘടനയെ തകർക്കാനും ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആനി രാജ പറഞ്ഞു. വനിതാ സംവരണത്തോട് തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനാവശ്യമായ നിബന്ധനകളാണ് പ്രശ്നമെന്നും ആനി രാജ വ്യക്തമാക്കി.

മണ്ഡലപുനര്‍നിര്‍ണയം, സെന്‍സസ് എന്നീ ഉപാധികളോടെയാണ് 2023-ല്‍ ബിൽ പാസാക്കിയത്. ഉപാധികളില്ലാതെയാണ് ബില്ല് കൊണ്ടുവരുന്നതെങ്കിൽ ആ നിമിഷം തന്നെ അതിനെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ തയ്യാറാണ്. സ്ത്രീകളുടെ പേര് പറഞ്ഞ് ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കരുത്. ബിൽ പാസാക്കിയതിന് ശേഷം നടന്ന 2024-ലെ തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം 14 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞത് ഈ ഉപാധികൾ കാരണമാണെന്നും അവർ ചൂണ്ടിക്കാട്ടി. വനിതാ സംവരണ ബില്ലിൽ ഇന്നും നാളെയും ലോക്‌സഭയിൽ ചർച്ച നടക്കാനിരിക്കെ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങാനാണ് തീരുമാനം.




