മേപ്പയൂരിൽ ഗതാഗതതടസ്സം സൃഷ്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം
.
മേപ്പയൂർ റോഡിൽ ഗതാഗതതടസ്സം സൃഷ്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. ഒമ്പത് ആഡംബര കാറുകളിലെത്തിയ സംഘമാണ് പ്രശ്‌നമുണ്ടാക്കിയത്. കാറുകൾക്ക് മുകളിലും ബോണറ്റിലും കയറിനിന്ന് വാഹനങ്ങളുടെ വാതിൽതുറന്നും നിർത്താതെ ഹോൺ മുഴക്കിയുമായിരുന്നു യാത്ര. സംഭവത്തിൽ പൊലീസ് കേസെടുത്തു. മഞ്ഞക്കുളം പുലപ്രോൽ ശഫീക്കിന്റെ വിവാഹത്തോടനുബന്ധിച്ചാണ് വരന്റെ സംഘത്തിലുള്ളവരാണ് റോഡിൽ അപകടയാത്ര നടത്തിയത്.

മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകാതെ റോഡിന് നടുവിലൂടെ യാത്ര തുടരുകയായിരുന്നു. ഇതുമൂലം മേപ്പയൂർ പയ്യോളി റോഡിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി. റീൽസ് ചിത്രീകരണത്തിനായി രൂപമാറ്റം വരുത്തിയ കറുത്ത നിറമുള്ള കാറുകളാണ് സംഘം ഉപയോഗിച്ചത്. ഇതിൽ അമേരിക്കൻ നിർമിത കാറും ഉൾപ്പെട്ടിരുന്നു. സംഘത്തിൽ വിദേശികളുമുണ്ടായതായി നാട്ടുകാർ പറഞ്ഞു. റോഡിൽ അലക്ഷ്യമായി ഓടിച്ച കാറുകളുടെ നമ്പർ സഹിതം നാട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കാറുകൾ രൂപമാറ്റം വരുത്തിയതിനും അമേരിക്കയിൽനിന്ന് ഇറക്കുമതിചെയ്ത കാറിന് നിയമപരമായ നികുതികൾ ഒടുക്കാത്തതിലും മോട്ടോർ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു.




