KOYILANDY DIARY

The Perfect News Portal

വിനീഷിൻ്റെ ആത്മഹത്യ: ഭാര്യ ആര്യയും സുഹൃത്തായ മലപ്പുറം സ്വദേശിയും പിടിയിൽ

വിനീഷിൻ്റെ ആത്മഹത്യ: ഭാര്യ ആര്യയും സുഹൃത്തായ മലപ്പുറം സ്വദേശിയും പിടിയിൽ. കാടാമ്പുഴ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി പൊലീസിൽ ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയൽ നിന്നുള്ള പോലീസ് സംഘം കാടാമ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. മെയ് 14നായിരുന്നു രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെയും കൂട്ടി ആര്യ മലപ്പുറം സ്വദേശിയായ യുവാവിനൊപ്പം പോയത്. ഇതിന് പിന്നാലെ മെയ് 15ന് വിനീഷ് ഖത്തറിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ആര്യ സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവരം അറിഞ്ഞ് വിനീഷ് മകനെ തിരിച്ചു കിട്ടിയാൽ മതിയെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതനുസരിച്ച് മകനെ കിട്ടുന്നതിനായി ബന്ധുക്കൾ ആര്യയുമായി ഫോണിൽ  ബന്ധപ്പെട്ടിരുന്നു. ഇതിനിടെ ആര്യയും കാമുകനും ചേർന്ന് ഖത്തറിലുള്ള വിനീഷിന് വീഡിയോ കോൾ ചെയ്യുകയും ഇതിന് പിന്നാലെ വിനീഷ് ഖത്തറിൽ താമസിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
വീഡിയോ കോളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് വിനീഷിന്റെ ആത്മഹത്യക്ക് പ്രേരണയായതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് ഇരുവരെയും കണ്ടെത്തി ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധമുയരുന്നതിനിടെയാണ് പൊലീസ് ആര്യയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കൊയിലാണ്ടിയിൽ നിന്നുള്ള പൊലീസ് സംഘം ബംഗളുരുവിൽ എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ കോഴിക്കോട് എത്തിച്ചു. കൊയിലാണ്ടി കോടതിയിലെ മജിസ്ട്രേറ്റ് അവധിയായതിനാൽ ഇരുവരെയും ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Advertisements