മുഖം വെളുക്കാൻ ഫെയർനസ് ക്രീം: മെർക്കുറിയുടെ അളവ് കൂടി 17കാരിക്ക് വൃക്ക രോഗം
.
മലപ്പുറം: വിഷബാധ അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന. മലപ്പുറത്ത് 17കാരിക്ക് വൃക്ക രോഗം. ഫെയർനെസ് ക്രീമിലെ അമിത മെർക്കുറി 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി പരാതി. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയത്.

കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. മെർക്കുറിയുടെ സാന്നിധ്യം മൂലം മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗാവസ്ഥ ബാധിച്ച പെൺകുട്ടി വിദഗ്ധ ചികിത്സയിലൂടെ അപകടനില തരണം ചെയ്തു.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം. ഏകദേശം ഒരു വർഷമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. പിന്നീട് പഠിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, രാത്രിയിൽ ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിന്നാലെ കൈകാലുകളിലും മുഖത്തും നീരുണ്ടായി. ഇതോടെയാണ് ചികിത്സ തേടിയത്.

പരിശോധനയിൽ രക്തത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി. തുടർന്ന് ക്രീം പരിശോധിച്ചപ്പോഴും ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഉൽപന്നത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ മെർക്കുറി ഉപയോഗിക്കുന്നില്ലെന്നും പ്രകൃതിദത്ത ചേരുവകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമായിരുന്നു വിൽപനക്കാരുടെ മറുപടിയെന്ന് പെൺകുട്ടി പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ക്രീം തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധിപേർ ഉപയോഗിക്കുന്നതായി പെൺകുട്ടി പറഞ്ഞു.



