ഗ്യാനേഷ് കുമാർ രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി രാജ് നാഥ് സിങ്
.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി കേന്ദ്ര മന്ത്രി രാജ് നാഥ് സിങ്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രക്ഷോഭത്തിലൂടെ നടത്തുന്നതെന്നാണ് മന്ത്രി പറയുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശത്തെ ഹനിച്ച ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രക്ഷോഭം ഇന്ത്യയെ മോശമാക്കാനുള്ള ശ്രമമാണെന്നാണ് മന്ത്രിയുടെ വാദം. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ദില്ലിയിൽ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധം നടത്തും.

കൊണാട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി എല്ലാവരും എത്തണമെന്നാണ് സിജെപി ആഹ്വാനം. വൈകിട്ട് അഞ്ചുമണിയോടെ എല്ലാവരും എത്തണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. സിജെപി പ്രതിഷേധത്തിന് എസ്എഫ്ഐ ഉൾപ്പെടെ ഇടത് വിദ്യാർത്ഥി സംഘടനകളും പിന്തുണ നൽകുന്നുണ്ട്.

ആം ആദ്മി പാർട്ടിയും സെൻട്രൽ പാർക്കിൽ എല്ലാവരും എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ഇന്നും നാളെയും സെൻട്രൽ പാർക്ക് പൂർണമായും അടച്ചിട്ടുണ്ട്. സിജെപി ആഹ്വാനം കണക്കിലെടുത്ത് പൊതുജനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമാകരുതെന്ന് മുന്നറിയിപ്പുമായി ദില്ലി പൊലീസും രംഗത്തെത്തി.




