KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ച സംഭവം: മെഡിക്കല്‍ രേഖകള്‍ പിടിച്ചെടുത്ത് പൊലീസ്

.

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ രേഖകള്‍ പിടിച്ചെടുത്ത് പൊലീസ്. തങ്കമണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ചികിത്സാ പിഴവ് ആരോപണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കത്ത് നല്‍കും. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി.

 

ഗൈനക്കോളജി വിഭാഗം മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വടകര മന്ദരത്തൂര്‍ സ്വദേശിനിയായ നാല്‍പ്പത്തിയൊമ്പതുകാരി തങ്കമണി കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി തങ്കമണിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എട്ടിന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം വാര്‍ഡിലേക്ക് മാറ്റി.

 

എന്നാല്‍, അന്ന് രാത്രിയോടെ തങ്കമണിക്ക് കടുത്ത ബ്ലീഡിംഗും, ഛര്‍ദ്ദിയും, വയറിളക്കവും അനുഭവപ്പെട്ടു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്താം തീയതി വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും അടിയന്തരമായി രണ്ടാമതൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയയാക്കുകയും ചെയ്തിരുന്നു. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

Share news