ദില്ലി പ്രക്ഷോഭം: വനിതാ അഭിഭാഷകരെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത് പൊലീസ്
.
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാൻ ‘കോക്രോച്ച് ജനത പാർട്ടി’ പ്രവർത്തകർ ജന്തർ മന്തറിലേക്ക് നീങ്ങുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ, പൊലീസുകാരും അഭിഭാഷകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതാ അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ പൊലീസ് ബസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ‘ദ വയർ’ പുറത്തുവിട്ടു. സുപ്രീം കോടതിയിലെയും ദില്ലി കോടതികളിലെയും നൂറോളം അഭിഭാഷകരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തതായി ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോർട്ട് ചെയ്തു.

ഇവരെ യമുന സ്പോർട്സ് കോംപ്ലക്സിലേക്ക് മാറ്റിയതായും അവർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. കസ്റ്റഡിയിലായ അഭിഭാഷകരിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ സുമിത ഹസാരികയും ഉൾപ്പെടുന്നുണ്ട്. “തിരിച്ചറിയാനാകാത്ത ചില പൊലീസുകാർ വനിതാ അഭിഭാഷകരെ കയ്യേറ്റം ചെയ്യുകയും കുറ്റവാളികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാനിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു,” അവർ മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലി പൊലീസ് പ്രതിഷേധക്കാരെ വൻതോതിൽ കസ്റ്റഡിയിലെടുക്കുകയും ബസുകളിലേക്ക് വലിച്ചിഴച്ചുകയറ്റുകയും ചെയ്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇടത്-സിജെപി പ്രക്ഷോഭത്തെ അടിച്ചമർത്താൻ സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. പിണറായി വിജയൻ, എംഎ ബേബി, കെ കെ ശൈലജ, പി കെ ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.




