KOYILANDY DIARY.COM

The Perfect News Portal

പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനും, തരംതാഴ്ത്താനുമുള്ള നീക്കം ഉപേക്ഷിക്കണം

.
കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്താനും സമീപത്തുള്ള മറ്റ് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുമുള്ള നീക്കം പിൻവലിക്കണമെന്ന് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ആവശ്യപ്പെട്ടു. സമീപത്തുള്ള പെരുവട്ടൂർ, നടേരി കുറുവങ്ങാട് പോസ്റ്റ് ഓഫീസുകളാണ് അടച്ചുപൂട്ടാൻ നീക്കം നടക്കുന്നത്.  കൊയിലാണ്ടിയിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തപാൽ ഓഫീസുകളുടെ സേവനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ധേഹം പറഞ്ഞു.
.
.
വർഷങ്ങളായി പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകിവരുന്ന കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന്റെ പദവി നഷ്ടപ്പെടുത്തുന്നത് പ്രദേശത്തിന്റെ പ്രാധാന്യത്തെയും വികസന സാധ്യതകളെയും അവഗണിക്കുന്ന നടപടിയാണ്. ഓഫീസുകൾ അടച്ചുപൂട്ടുന്നത് സാധാരണക്കാർക്കും വയോജനങ്ങൾക്കും പെൻഷൻകാർക്കും ചെറുകിട വ്യാപാരികൾക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും.
.
.
തപാൽ സേവനങ്ങൾ കേവലം കത്തിടപാടുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ബാങ്കിങ്, സമ്പാദ്യ പദ്ധതികൾ, ഇൻഷുറൻസ്, പെൻഷൻ വിതരണം തുടങ്ങി സാധാരണക്കാരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി സേവനങ്ങളാണ് തപാൽ ഓഫീസുകൾ വഴി ലഭ്യമാകുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഇല്ലാതാക്കുന്നത് ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ്. പൊതുസേവന സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടതിന് പകരം നിലവിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല.
കൊയിലാണ്ടിയുടെ പ്രാധാന്യവും ജനസംഖ്യയും വർധിച്ചുവരുന്ന സേവനാവശ്യങ്ങളും പരിഗണിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന്റെ നിലവിലുള്ള പദവി നിലനിർത്തുകയും പെരുവെട്ടൂർ,നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം തുടരുമെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരും തപാൽ വകുപ്പ് അധികൃതരും അടിയന്തരമായി ഇടപെടണം. ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിൽനിന്ന് ബന്ധപ്പെട്ട അധികൃതർ പിന്മാറണമെന്നും അല്ലാത്തപക്ഷം ജനപ്രതിനിധികളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
Share news