KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ എൻ.എസ്.എസ്. വളണ്ടിയർമാർ: മാനാഞ്ചിറയിൽ അണിനിരന്നത് 1700 ‘തൂഫാൻ കമാൻഡോകൾ’

.
കോഴിക്കോട്: ദേശീയ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ 1,700 വോളന്റിയർമാർ അണിനിരന്നു. സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘തൂഫാൻ കമാൻഡോകൾ’ ആയാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് കോഴിക്കോട് ജില്ലാതല സംഗമം ഒരുക്കിയത്.
എൻഎസ്എസ് കാലിക്കറ്റ് സർവകലാശാലയും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് വിഭാഗം, ഹയർ സെക്കണ്ടറി എൻഎസ്എസ്, വി.എച്ച്.എസ്.ഇ., ടെക്നിക്കൽ എൻഎസ്എസ് സെൽ, ഐ.എച്ച്.ആർ.ഡി. എന്നിവയിൽ നിന്നുള്ള വോളന്റിയർമാർ കണ്ണികളായി. ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തോടെ യുവജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി മനുഷ്യച്ചങ്ങല, ലഹരിവിരുദ്ധ പ്രതിജ്ഞ, തീം സോങ് പ്രകാശനം, ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ബലൂണുകൾ ആകാശത്തേക്ക് പറത്തൽ, വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ നിർവഹിച്ചു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബിനു കുമാർ ‘തൂഫാൻ കമാൻഡോ’ പ്രഖ്യാപനം നടത്തി. കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ റിഷാ കാരള്ളി വോളന്റിയർമാർക്ക് തൂഫാൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രോഗ്രാം കോർഡിനേറ്റർ ഫസീൽ അഹമ്മദ്, സാമൂഹ്യനീതി ഓഫീസർ എം. അഞ്ജു മോഹൻ, ഹയർ സെക്കണ്ടറി റീജിയണൽ കൺവീനർ എസ്. ശ്രീജിത്ത്, ജില്ലാ ഹയർ സെക്കണ്ടറി കൺവീനർ എം.കെ. ഫൈസൽ, വി.എച്ച്.എസ്.ഇ. ജില്ലാ കോർഡിനേറ്റർ എ.പി. മഹബൂബലി, ടെക്നിക്കൽ സെൽ കൺവീനർ എം. നിഖിൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള 75 പ്രോഗ്രാം ഓഫീസർമാർ ചടങ്ങിന് നേതൃത്വം നൽകി.
Share news