തിരുവങ്ങൂർ ബി.എഫ്.എച്ച്.സി.യിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു.
.
തിരുവങ്ങൂർ: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത അധ്യക്ഷത വഹിച്ചു. ലാബിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പരിശോധനകളുടെ എണ്ണം 38 ആയി വർധിപ്പിച്ചിട്ടുണ്ട്.

വൈകിട്ട് 6 മണി വരെ ലാബിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും അധിക തസ്തിക സൃഷ്ടിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തു. സ്വകാര്യ ലാബുകളിൽ ഉയർന്ന നിരക്കിൽ ലഭിക്കുന്ന പല പരിശോധനകളും വളരെ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാക്കുന്നുണ്ട്. അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ കൂടി സജ്ജീകരിച്ചതോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കാൻ ആരോഗ്യ കേന്ദ്രത്തിന് സാധിക്കും.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ് കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിൻദാസ്, തസ്ലീന കബീർ മുൻ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, എച്ച്.എം.സി. അംഗങ്ങളായ ബാബു കുളൂർ, പ്രസാദ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷീബ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.




