കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടന്ന ദ്രവ്യകലശം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ശാന്തി പരികർമി ശ്രീഹരി വിഷ്ണു നമ്പൂതിരിക്കെതിരെ ദേവസ്വം അധികൃതർ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. നവംബർ 3 മുതൽ 7 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദ്രവ്യകലശവും രുദ്രാഭിഷേകവും നടന്നിരുന്നു. ഇത് ദേവ ചൈതന്യ വർദ്ധനവിനായി വർഷംതോറും നടത്തി വരുന്ന കർമ്മമാണ്.
സപ്തംബർ 5 ന് ക്ഷേത്രത്തിൽ ഈ കർമ്മങ്ങൾ നടക്കുമ്പോൾ പരികർമ്മിയായി കർമ്മത്തിന് വന്ന ശീഹരി വിഷ്ണു നമ്പൂതിരി നാലമ്പലത്തിനകത്ത് കാലാകാലങ്ങളിൽ ഗോപ്യമായി (രഹസ്യ സ്വഭാവത്തോടെ) ചെയ്തു വരുന്ന കർമ്മങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുണ്ടായി. ഇത് ദേവസ്വത്തിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ശ്രീഹരി വിഷ്ണു നമ്പൂതിരിയെ നേരിൽ വിളിച്ച് താക്കീത് നൽകുകയും താൻ ചെയ്ത തെറ്റിന് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. ഈ സമയത്ത് നാലമ്പലത്തിനകത്തെ സെക്യൂരിറ്റി വീഴ്ചയിൽ ഇതുമായി ബന്ധപ്പെട്ട് ഈ സമയത്ത് ക്ഷേത്ര നാലമ്പലത്തിനകത്ത് ജോലി ചെയ്ത കെ.വി. ശ്രീശാന്തിനും, പി. സുരേഷിനോടും ദേവസ്വം ഇതു സംബന്ധിച്ച വിശദീകരണം തേടി കഴിഞ്ഞു.
താന്ത്രിക കർമ്മങ്ങളും, വിശ്വാസവും സംരക്ഷിക്കേണ്ട ഈ നമ്പൂതിരി കർമ്മങ്ങളുടെ സമാപനത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ താൻ നടത്തിയ മൊബൈൽ വീഡിയോ ചിത്രീകരണത്തെ ന്യായീകരിക്കുകയും വളരെ മോശമായ ഭാഷയിൽ ക്ഷേത്രത്തെയും ഭരണാധികാരികളെയും കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെയാണ് ദേവസ്വം അധികൃതർ സൈബർ സെല്ലിനും, കൊയിലാണ്ടി പോലീസിലും പരാതി നൽകിയിട്ടുള്ളത്.
ക്ഷേത്രത്തിനെയും ഭക്തജനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ശ്രീഹരി വിഷ്ണു നമ്പൂതിരി ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ..
പ്രിയപ്പെട്ട മനുഷ്യരെ,
.
കുട്ടിമാളു എന്ന സുഗതകുമാരിയുടെ കവിതയിൽ പറയുകയാണ്.
.
“അഴുക്കുമനസ്സുകൾ ശുദ്ധമാക്കാൻ
ഏതു ഗംഗാജലത്തിനാകും?
മനുഷ്യനെ മനുഷ്യനായി കാണാത്ത
ഈ നാടിൻ വ്യവസ്ഥിതിയോടത്രേ കലഹം!”
.
കഴിഞ്ഞദിവസം മലബാറിലെ പ്രശസ്തമായ ഭഗവതി ക്ഷേത്രമായ പിഷാരികാവ് ക്ഷേത്ര അധികൃതരുടെ പക്കൽ നിന്നും എനിക്ക് നേരിട്ട തിക്താനുഭവത്തിന്റെ അന്തസത്ത പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാതെ മനസ്സിന് ഒരു സമാധാനമില്ല എന്നതിൻറെ അടിസ്ഥാനത്തിലാണ് ഈ ഒരു ചെറിയ കുറിപ്പ് ഇവിടെ പങ്കുവെക്കുന്നത്.
.
ക്ഷേത്രത്തിൽ ദേവീ ചൈതന്യം വർദ്ധിപ്പിക്കാനായി വേദ മന്ത്രജപങ്ങളുടെയും താന്ത്രിക വിധികളുടെയും അടിസ്ഥാനത്തിൽ വർഷംതോറും നടന്നു വരാറുള്ള ദ്രവ്യ കലശം ഇന്ന് ഭംഗിയായി സമാപിച്ചു.
ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തിവരാറുള്ള ആളെന്ന നിലയിൽ ഞാനും അതിൻറെ ഭാഗവാക്കായിരുന്നു.
ഇതിൻറെ ഭാഗമായി അഞ്ചാം തീയതി വ്യാഴാഴ്ച ക്ഷേത്രത്തിൽ ദ്രവ്യ കലശം എഴുന്നള്ളിക്കുന്ന സമയത്ത് ക്ഷേത്രത്തിനകത്തു വെച്ച് അതിൻറെ ഫൂട്ടേജ് എൻറെ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു.
അന്നേദിവസം തന്നെ ഈ മംഗള കർമ്മത്തിന് വീഡിയോ എഡിറ്റ് ചെയ്ത് എൻറെ ഒരു അടുത്ത സുഹൃത്തിന് ഞാൻ അയച്ചു കൊടുക്കുകയും അദ്ദേഹം അദ്ദേഹത്തിൻറെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ആ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇത് കഴിഞ്ഞ് പിറ്റേദിവസം അതായത് ഇന്നലെ ഉച്ചയ്ക്ക് ഇതുമായി ബന്ധപ്പെട്ട് എനിക്കൊരു ഫോൺകോൾ വരികയുണ്ടായി.ക്ഷേത്രത്തിനകത്ത് നടക്കുന്ന ഒരു കാര്യങ്ങളും സമൂഹത്തിനുമുമ്പിൽ കാണിക്കാൻ പാടില്ല എന്നും.ഒരു പൂജാരി എന്ന നിലയിൽ താങ്കൾ ചെയ്ത തെറ്റിന് നടപടി സ്വീകരിക്കേണ്ടി വരും എന്നായിരുന്നു ആ കോളിലെ ഉള്ളടക്കം.
.
ഇനിയാണ് കഥ തുടങ്ങുന്നത്.വൈകിട്ട് ക്ഷേത്രത്തിലെത്തിയ എന്നെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ,ദേവസ്വം മാനേജർ,അവിടെ ഉണ്ടായിരുന്ന ക്ലർക്കുമാർ
തുടങ്ങിയവർ അവരുടെ ഓഫീസിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടി.
അവർ ഉന്നയിച്ച പ്രശ്നങ്ങൾ ഇങ്ങനെയായിരുന്നു.
.
1.പിഷാരികാവ് ക്ഷേത്രത്തിൻറെ ഉള്ളിൽ നടക്കുന്ന ഒരു കാര്യങ്ങളും പുറത്ത് ഇതുവരെ ഷൂട്ട് ചെയ്ത് ഭക്തജനങ്ങളുടെ മുന്നിലേക്ക് ആരും ഇതുവരെ എത്തിച്ചിട്ടില്ല .ഒരു നമ്പൂതിരിയായ താങ്കൾ എന്തിൻറെ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തി ചെയ്തത്?
2.ഇങ്ങനെയാണെങ്കിൽ നാളെ മുതൽ താങ്കൾ ശ്രീകോവിലിനുള്ളിൽ കയറി വീഡിയോ ഷൂട്ട് ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്?
3.ഒരു നമ്പൂതിരിയായ താങ്കൾ ക്ഷേത്രത്തിൻറെ നിയമങ്ങളെ അനുസരിക്കാതെ ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തിയല്ലേ ഇവിടെ ചെയ്തത്?
.
എനിക്ക് തെറ്റു പറ്റിയതാണെന്നും ഇതിന്റെ മേലിൽ ഉണ്ടാകുന്ന നടപടി സ്വീകരിക്കാനും ഞാൻ തയ്യാറാണ് എന്നും അവരെ അറിയിച്ചു കൊണ്ട് ഓഫീസിൽനിന്ന് ഞാൻ ഇറങ്ങുകയാണ് ഉണ്ടായത്.
.
ഇനി എനിക്ക് ചോദിക്കാനുള്ളത് വിശ്വാസ സമൂഹത്തോടാണ്.
.
ഏതാണ്ട് 5 ലക്ഷത്തോളം രൂപ ചിലവഴിച്ചു കൊണ്ടാണ് ദേവസ്വം എല്ലാവർഷവും ദ്രവ്യകലശം എന്ന ക്രിയ നടത്തിവരുന്നത്.കാലാനുസൃതമായി ഇതിൻറെ ചിലവിൽ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയത്.
ഇത് ആരുടെ പണമാണ്?
.
ഓരോ വിശ്വാസിയും അവൻറെ ജീവിത സമ്പാദ്യത്തിന്റെ ഭാഗമായി നീക്കിവെക്കുന്ന പണത്തിൽ ഒരു പങ്ക് ക്ഷേത്രങ്ങളിൽ സമർപ്പിക്കാറുണ്ട്.
ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ ഒരു ചടങ്ങ് സാധാരണക്കാരനായ ഒരു ഭക്തൻ കാണുന്നതിൽ തെറ്റ് എന്തെങ്കിലുമുണ്ടോ?
ക്ഷേത്രം ഒരു സമൂഹത്തിൻറെ പൊതുസ്വത്ത് എന്ന രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതിനാൽ അവിടെ എത്തുന്ന ഓരോരുത്തർക്കും എന്താണ് അവിടെ നടക്കുന്നത് എന്നത് അറിയാനുള്ള ഒരു ആഗ്രഹവും അവകാശവും ഉണ്ടാകില്ലേ?
.
സുരക്ഷയുടെ പേരിലാണ് ഞാൻ വീഡിയോ എടുത്തതിന് ചോദ്യം ചെയ്തത് എങ്കിൽ
വർഷങ്ങളായി അവിടെ ജോലി ചെയ്തുവരുന്ന ഒരു സെക്യൂരിറ്റിക്കാരന് എങ്കിലും ഞാൻ വീഡിയോ എടുക്കുമ്പോൾ എന്നോട് ആവശ്യപ്പെടാമായിരുന്നു വീഡിയോ എടുക്കാൻ പാടില്ല എന്ന കാര്യം.
.
പല ക്ഷേത്രങ്ങളിലും അവിടെ നടക്കുന്ന വിശേഷമായ ചടങ്ങുകൾ ഭക്തരുടെ മുന്നിൽ പ്രത്യേക ക്യാമറ വെച്ച് പ്രൊജക്ടർ ഘടിപ്പിച്ച് അവർക്ക് കാണാവുന്ന രീതിയിൽ സജ്ജീകരിക്കാറുണ്ട്.കാരണം ഇത് അവർക്ക് കൂടി കാണണം എന്ന വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പല ക്ഷേത്ര നടത്തിപ്പുകാരും ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത്.
.
ഞാൻ അമ്പലത്തിന്റെ ഉള്ളിൽ വച്ച് വീഡിയോ ഷൂട്ട് ചെയ്ത് അതു പൊതുജനമധ്യത്തിൽ പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിൽപ്രദർശിപ്പിച്ചു എന്നതാണ് എന്നിൽ ഇപ്പോൾ ആരോപിക്കപ്പെടുന്ന കുറ്റവും അതിൻറെ അടിസ്ഥാനത്തിൽ നിയമനടപടി നേരിടാൻ ഒരുങ്ങുന്നതും.
.
ആർട്ടിഫിഷൽ ഇന്റലിജൻസും സിസിടിവി ക്യാമറകളും അരങ്ങുവാഴുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ മധ്യത്തിലേക്ക് അടുക്കുന്ന സമയത്ത് ക്ഷേത്രത്തിനകത്ത് നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയരുത് എന്ന് ശാഠ്യം പിടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
.
ചുരുങ്ങിയ പക്ഷം ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളിൽ പുറമേ നിന്ന് പൂജാരിമാരും മറ്റു പ്രത്യേകമായി നിയോഗിക്കപ്പെടുന്ന വ്യക്തികളും പങ്കെടുക്കുന്നതിനു മുന്നോടിയായി പിഷാരികാവിലെ ഭരണസമിതിയും അഡ്മിനിസ്ട്രേറ്റീവ് കാര്യാലയവും ഒരു അവബോധ ക്ലാസ് നടത്തുകയും അത് പ്രാവർത്തികമാക്കുകയും വേണമെന്ന് നിർദ്ദേശമാണ് എൻറെ അനുഭവത്തിൽ നിന്ന് എനിക്ക് പങ്കുവെക്കാനുള്ളത്.
.
ഇനി അഭിപ്രായം പറയേണ്ടത് നിങ്ങൾ ഓരോരുത്തരുമാണ്.
1. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറമേയുള്ള ഭക്തജനങ്ങൾക്ക് കാണാൻ പാടില്ലേ?
2.ഇന്നത്തെ ലോകത്ത് ഒരു വിരൽത്തുമ്പിൽ എല്ലാം അറിയുന്ന കാലത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം ക്ഷേത്രങ്ങളിലും വരുത്തേണ്ടതല്ലേ?
3.ഞാൻ തെറ്റ് ചെയ്തു എന്ന് പ്രസ്താവിക്കുന്ന അവസരത്തിൽ അത് തടയാൻ വേണ്ട സംവിധാനം ഒരുക്കാതെ അറിയാതെ വന്ന പിഴവിൽ ഒരാളെ ക്രൂശിക്കാൻ പാടുണ്ടോ
4. ഭക്തരുടെ പണത്തിൽ തിന്നുകൊഴുത്ത ക്ഷേത്ര അധികാരികൾ പുതിയൊരു മാഗ്നാകാർട്ടയ്ക്ക് തയ്യാറാവേണ്ട സമയം അതിക്രമിച്ചോ?
.
ക്ഷേത്രം എന്നത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു സ്ഥലം എന്നതാണ് മനസ്സിലാക്കിയത്. ഭിന്നത സൃഷ്ടിച്ച് ജാതീയമായും വർഗീയമായും മുതലെടുത്ത് ആനന്ദം കണ്ടെത്തുന്ന കഴുകന്മാർ ഉള്ളടത്തോളം കാലം സമൂഹം നന്നാവില്ല എന്ന കാര്യം ഉറപ്പാണ്.