KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്, 1079 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പോലീസ് പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്, 1079 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശി അബ്ദുറഹിമാൻ (34) നെയാണ് വിമാനത്താവളത്തിന് പുറത്തു വെച്ച് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ നാല് ക്യാപ്സൂളുകളാക്കിയാണ് ഇയാൾ സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നതെന്നും പിടിച്ചെടുത്ത സ്വർണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാൻ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Advertisements
ആദ്യഘട്ടത്തിൽ തന്റെ പക്കൽ സ്വർണമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തുടർന്ന് ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ നാല് ക്യാപ്സൂളുകൾ ഒളിപ്പിച്ചതായി കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കുമെന്നും തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോർട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തു വെച്ച് ഈ വർഷം പോലീസ് പിടികൂടുന്ന 25-ാ മത്തെ സ്വർണക്കടത്ത് കേസാണിത്.