KOYILANDY DIARY

The Perfect News Portal

കേന്ദ്ര സർക്കാരിന്റെ ​ഗുണ്ടാസംഘമായാണ് ഇ ഡി പ്രവർത്തിക്കുന്നത്; എം വി ​ഗോവിന്ദൻ

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ​ഗുണ്ടാസംഘമായാണ് ഇ ഡി പ്രവർത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ​ഗുണ്ടാപിരിവുകാർ ആദ്യം ഭീഷണിയായിട്ടാണ് വരിക. പിന്നെയാണ് കടന്നാക്രമണം. ഇതുതന്നെയാണ് ഇഡിയും ചെയ്യുന്നത്. ഭീഷണിയും കേസുംകൊണ്ട് ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ ആർക്ക് മുമ്പിലും മുട്ടുമടക്കില്ല. ഭീഷണിപ്പെടുത്തലൊക്കെ അശോക് ചൗഹാനെപ്പോലുള്ളവരോട് മതി. ഇവിടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സർക്കാരിനെയും തകർക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. അങ്ങനെയുണ്ടെങ്കിൽ കണ്ടുപിടിക്കട്ടെ. അന്വേഷിക്കലും അറസ്റ്റ് ചെയ്യലും തന്നെയാണല്ലോ ഇഡിയുടെ പണി. അവരത് ചെയ്യട്ടെ. ഞങ്ങൾക്കാരെയും ഭയമില്ല. സിപിഐ എം എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മിഷന് പരസ്യമായി നൽകുന്നതാണ്. കോഴിക്കോട് വാർത്താലേഖകരോട് അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി കേസിൽ അന്വേഷണം മികവുറ്റ രീതിയിൽ നടന്നതാണ്. ജഡ്‌ജിമാരുടെ ആത്മനിഷ്‌ട ഘടകം കൂടി ചേർന്നാണ് വിധി. കുടുംബത്തിന് ആവശ്യമായ സഹായം സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകും – എം വി ഗോവിന്ദൻ പറഞ്ഞു.