ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ? അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത മൂന്നിരട്ടിയാകുമെന്ന് പഠനം
.
ചായയും കാപ്പിയും ചൂടോടെ കുടിക്കാനാണ് പലർക്കും താത്പര്യം. എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് ചായയോ കാപ്പിയോ നിർബന്ധമുള്ളവരുമുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള ശീലം നമ്മുടെ ശരീരത്തിന് വലിയ പണി തരുമെന്ന് തെളിയിക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന പഠനം സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസർ എന്ന ജേണൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാർത്ഥങ്ങൾ അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് പറയുന്നു.

ഓക്സ്ഫോഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഈ പഠനത്തിൽ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിൽ സ്ക്വാമസ് സെൽ കാർസിനോമ വരാനുള്ള സാധ്യത കണ്ടെത്തി. ഈ വിഷയത്തിൽ നടന്ന ഏറ്റവും വലിയ പഠനമായാണ് ഗവേഷകർ ഇതിനെ കണക്കാക്കുന്നത്. അതേസമയം, അന്നനാളത്തിലെ കാൻസറിന്റെ മറ്റൊരു രൂപമായ അഡിനോകാർസിനോമയ്ക്കുള്ള സാധ്യത വർധിക്കുന്നില്ലെന്നാണ് പഠനം പറയുന്നത്.

ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കുടിക്കുന്നതിന്റെ അളവ്. ദിവസവും ആറോ അതിലധികമോ തവണ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് അതിൽ താഴെ കുടിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കാൻസറിനുള്ള സാധ്യത 71 ശതമാനമായി വർധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. യുകെയിലെ 980,000 ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവരെ 14 വർഷത്തോളം നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്.




