നിലമ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
.
മലപ്പുറം: നിലമ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വിരമിച്ച എക്സൈസ് കമീഷണർ സി മുരളീകുമാറിന്റെ വീടാണ് ഭാഗികമായി തകർന്നത്. പുലർച്ചെ 1.30നും 2നും ഇടയിലാണ് വൻ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു വശം പൂർണമായും തകർന്നു.

അപകടസമയത്ത് മുരളീകുമാറും കുടുംബാംഗങ്ങളും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ച അയൽവാസികൾ ബഹളംവെച്ചതോടെയാണ് വീട്ടുകാർ ഉണർന്നത്. തുടർന്ന് എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വിവരമറിഞ്ഞ് നിലമ്പൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.




