രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
.
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ. പിയെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം. റവന്യൂ മന്ത്രി എ പി അനിൽകുമാറാണ് നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പയ്യന്നൂർ തഹസീൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂർ കളക്ടർ പി. വിഷ്ണുരാജ് റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.

രണ്ട് ദിവസത്തിന് ശേഷം പുഴയിൽ നിന്ന് കണ്ടെത്തിയ രാജേഷിൻ്റെ മൃതദേഹം കണ്ണൂരിൽ നിന്ന് കൊണ്ടുപോയത് ഫ്രീസർ ഇല്ലാത്ത ആംബുലൻസിലാണ്. ഫ്രീസർ വേണമെന്ന് ബന്ധുക്കൾ വി കുഞ്ഞികൃഷ്ണൻ എംഎൽഎയോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടെങ്കിലും ഫ്രീസർ അനുവദിക്കാൻ നടപടിയുണ്ടായില്ല. തൃശൂർ എത്തുമ്പോഴേക്കും അഴുകി ദുർഗന്ധം വമിച്ച മൃതദേഹം പിന്നീടാണ് ഫ്രീസറുള്ള ആംബുലൻസിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനത്തിൻ്റെ മൃതദേഹത്തോടുള്ള അനാദരവ് വിവാദമായതോടെയാണ് സർക്കാർ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

തുരുത്തിൽ അകപ്പെട്ടയാളെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയാണ് രക്ഷാപ്രവർത്തകനായ തിരുവനന്തപുരം സ്വദേശി രാജേഷ് മരിച്ചത്. ഒഴുക്കിൽപ്പെട്ട രാജേഷിനെ കണ്ടെത്തുന്നതിലും അനാസ്ഥയുണ്ടായി. പിന്നാലെയാണ് മൃതദേഹത്തോടും ഭരണകൂടം അനാദരവ് കാട്ടിയത്. രാജേഷിൻ്റെ വിയോഗം കേരളത്തിൻ്റെ നൊമ്പരമാണെന്നും സഹജീവിയെ രക്ഷിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടതെന്നും പിണറായി വിജയൻ പറഞ്ഞു.




