KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ ‘തീര വസന്തം’ പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു

.
കാർഷിക-മത്സ്യ വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം, നൈപുണ്യ വികസനം, സംരംഭകത്വ പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് വടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘തീര വസന്തം’ പദ്ധതിയുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടി കെ.കെ. രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഴിയൂർ, ചോറോട്, ഒഞ്ചിയം, ഏറാമല ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ഉപജീവന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, പ്രാദേശിക വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ വികസനത്തിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതി.
പ്രദേശത്ത് ലഭ്യമായ കാർഷിക ഉൽപ്പന്നങ്ങൾ, പഴവർഗങ്ങൾ, കശുവണ്ടി, തേങ്ങ, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യവിഭവങ്ങൾ എന്നിവ അടിസ്ഥാനമാക്കി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, പരിശീലനം, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണനം എന്നിവ ഏകോപിപ്പിച്ച സമഗ്ര പരിശീലന-ഉൽപ്പാദന-വിപണന കേന്ദ്രം സ്ഥാപിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. നിലവിൽ വടകര ബ്ലോക്ക് പഞ്ചായത്ത് നടത്തിവരുന്ന ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലീകരിച്ച നൈപുണ്യ വികസന-സംരംഭകത്വ കേന്ദ്രമായി മാറ്റുകയും ചെയ്യും.
ഇതിലൂടെ സ്ത്രീകൾ, യുവജനങ്ങൾ, കർഷകർ, മത്സ്യമേഖലയുമായി ബന്ധപ്പെട്ട കുടുംബങ്ങൾ, ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർക്ക് നൈപുണ്യ വികസനവും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അവസരവും ലഭ്യമാകും.
പ്രാദേശിക വിഭവങ്ങളുടെ മൂല്യവർദ്ധനയിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് ലഭിക്കുന്നതിനൊപ്പം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന കേന്ദ്രമായി ഇതിനെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സത്യൻ, ബ്ലോക്ക് സെക്രട്ടറി സ്വപ്ന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Share news