KOYILANDY DIARY

The Perfect News Portal

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിയിൽ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി പൊതുതാൽപര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മുമ്പും സമാനമായ ഹർജികൾ കോടതി തള്ളിയിരുന്നു.

കെജ്‌രിവാളിൻറെ അറസ്റ്റോടെ ഡൽഹിയിൽ ഭരണസ്തംഭനമാണെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും കാണിച്ചാണ് ഹർജി നൽകിയത്. എന്നാൽ ഇത് കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്. 15 വരെയാണ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.