KOYILANDY DIARY

The Perfect News Portal

മോൻസൺ മാവുങ്കൽ കൈവശംവെച്ച സാധനങ്ങൾ യഥാർത്ഥ ഉടമയ്ക്ക്‌ തിരികെ ലഭിച്ചു

കൊച്ചി: അമൂല്യ പുരാവസ്‌തുക്കളെന്ന്‌ വിശേഷിപ്പിച്ച്‌ മോൻസൺ മാവുങ്കൽ കൈവശംവെച്ച സാധനങ്ങൾ യഥാർത്ഥ ഉടമയ്ക്ക്‌ തിരികെ ലഭിച്ചു. കലൂർ ആസാദ് റോഡിലെ മോൻസണിന്റെ വാടകവീട്ടിൽ സൂക്ഷിച്ച സാധനങ്ങൾ പൊലീസ്‌ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തി ഉടമ എസ്‌ സന്തോഷ് ഏറ്റുവാങ്ങി. 

മോശയുടെ അംശവടി, കൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പുവിന്റെ സിംഹാസനം എന്നിങ്ങനെ മോൻസൺ വിശ്വസിപ്പിച്ചിരുന്നതും തട്ടിപ്പിന്‌ കരുവാക്കിയതുമായ സാധനങ്ങളാണിവ. മോൻസണിന്റെ വീട്ടിൽനിന്ന് മാറ്റുന്നവ കൊച്ചിയിൽ ഒരു കേന്ദ്രത്തിൽ സൂക്ഷിക്കുമെന്ന് സന്തോഷ് പറഞ്ഞു. ‘‘900 സാധനങ്ങളാണ്‌ നൽകിയിരുന്നത്‌. സിനിമയ്ക്കുവേണ്ടി വാടകയ്ക്ക് കൊടുക്കുന്നവയായിരുന്നു എല്ലാം. ഇനിയും ഇവ ഷൂട്ടിങിന്‌ നൽകും’’–- സന്തോഷ്‌ പറഞ്ഞു.

 

മോൻസണിന്റെ പുരാവസ്തുക്കൾ വ്യാജമാണെന്ന്‌ സംസ്ഥാന പുരാവസ്തുവകുപ്പ്‌ കണ്ടെത്തിയിരുന്നു. പലതിനും 10 വർഷത്തെ പഴക്കംപോലുമില്ല. 2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് സന്തോഷ് ഇവ മോൻസണ്‌ നൽകിയത്. വിദേശത്തുനിന്ന് ഫണ്ട് വിട്ടുകിട്ടാനെന്നുപറഞ്ഞ്‌ 30 ലക്ഷം രൂപയും സന്തോഷിന്റെ കൈയിൽനിന്ന്‌ മോൻസൺ വാങ്ങിയിരുന്നു. എന്നാൽ, തിരിച്ച്‌ നൽകിയില്ല.

Advertisements