വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാഘാതത്തിന് കാരണമാകുമോ? ഡോക്ടർ പറയുന്നത് ഇതാണ്
.
ജോലിയുടെ തിരക്ക്, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ അങ്ങനെ ദിവസേനയുള്ള പലവിധ സമ്മര്‍ദ്ദങ്ങളും ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഈ സമ്മര്‍ദം ദിവസങ്ങളോ മാസങ്ങളോ തുടര്‍ന്നാല്‍ അത് മാനസികാരോഗ്യത്തെ മാത്രമല്ല ഹൃദയത്തെയും ബാധിച്ചേക്കാം. കൊല്‍ക്കത്തയിലെ BM Birla Heart Hospitalലെ കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. അഞ്ജന്‍ സിയോട്ടിയ ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡോ. അഞ്ജന്‍സിയോട്ടിയ പറയുന്നതനുസരിച്ച് തുടര്‍ച്ചയായ മാനസിക സമ്മര്‍ദം ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിച്ചേക്കാമെന്നാണ്.

സമ്മര്‍ദം ഹൃദയത്തെ എങ്ങനെ ബാധിക്കും?
നമ്മള്‍ സമ്മര്‍ദത്തിലാകുമ്പോള്‍ ശരീരം സ്വാഭാവികമായി ‘ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ്’ പ്രതികരണത്തിലേക്ക് കടക്കും. ഈ സമയത്ത് അഡ്രിനലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് ഉയരും. ഇതോടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടുകയും രക്തക്കുഴലുകള്‍ ചുരുങ്ങുകയും ചെയ്യും. ഇത് ഇടയ്ക്കിടെ സംഭവിക്കുന്നതാണെങ്കില്‍ ശരീരത്തിന് അതിനെ നേരിടാന്‍ സാധിക്കും. എന്നാല്‍ സമ്മര്‍ദം തുടര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് പ്രശ്‌നം. ദീര്‍ഘകാല സമ്മര്‍ദം രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എന്‍ഡോതീലിയത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ശരീരത്തിലെ വീക്കം വര്‍ധിപ്പിക്കുകയും ഹൃദയമിടിപ്പിലെ സ്വാഭാവിക വ്യതിയാനം കുറയ്ക്കുകയും ചെയ്യാമെന്ന് ഡോ. സിയോട്ടിയ വിശദീകരിക്കുന്നു.

ഹൃദയാഘാത സാധ്യതയും കൂടാം
തുടര്‍ച്ചയായ സമ്മര്‍ദം രക്തയോട്ടത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ക്ക് കാരണമാകാം. ചിലരില്‍ ഇത് ഹൃദയപേശിയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനും ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഗുരുതരമായ ഹൃദയപ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനും കാരണമാകാം. പ്രത്യേകിച്ച് നേരത്തെ തന്നെ ഹൃദ്രോഗമുള്ളവരും ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ അപകടസാധ്യതകളുള്ളവരും കൂടുതല്‍ ശ്രദ്ധിക്കണം.

സമ്മര്‍ദം നേരിട്ട് ഹൃദയത്തെ ബാധിക്കുന്നതിനൊപ്പം ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്താം. ടെന്‍ഷന്‍ കൂടുമ്പോള്‍ ഉറക്കം കുറയുക, വ്യായാമം ഒഴിവാക്കുക, അമിതമായി ഭക്ഷണം കഴിക്കുക തുടങ്ങിയ ശീലങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. ചിലര്‍ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളിലേക്കും തിരിയാം. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ദോഷകരമാണ്. അതിനാല്‍ സമ്മര്‍ദവും അതുമൂലം ഉണ്ടാകുന്ന ജീവിതശൈലി മാറ്റങ്ങളും ഒരുമിച്ചാണ് ഹൃദയത്തിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നത്.
തുടര്‍ച്ചയായ സമ്മര്‍ദം അനുഭവിക്കുന്ന എല്ലാവരും സ്വന്തം ഹൃദയാരോഗ്യത്തില്‍ ശ്രദ്ധ നല്‍കണം. പ്രത്യേകിച്ച് കടുത്ത ജോലി സമ്മര്‍ദമുള്ളവര്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, കുടുംബത്തിലെ ഗുരുതര ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നവര്‍, നേരത്തെ ഹൃദ്രോഗമുള്ളവര്‍ എന്നിവരില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം ദീര്‍ഘകാല സമ്മര്‍ദം നിലനില്‍ക്കുമ്പോള്‍ അപകടസാധ്യത കൂടുതല്‍ വര്‍ധിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൃദയത്തെ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം
സമ്മര്‍ദം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. എന്നാല്‍ അത് നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ഏകദേശം 30 മിനിറ്റ് വേഗത്തില്‍ നടക്കുന്നത് പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശീലമാക്കാം. മതിയായ ഉറക്കത്തിനും പ്രാധാന്യം നല്‍കണം. പച്ചക്കറികള്‍, പഴങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, നട്‌സ്, മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങളും മധുരപാനീയങ്ങളും കുറയ്ക്കുകയും ചെയ്യുന്നത് സഹായകരമാണ്. ദിവസവും 5-10 മിനിറ്റ് ശ്വസന വ്യായാമം, ധ്യാനം തുടങ്ങിയ റിലാക്‌സേഷന്‍ രീതികളും പരീക്ഷിക്കാം.
എപ്പോഴും സമ്മര്‍ദത്തിലായിരിക്കുക, ഉറക്കസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക, ഹൃദയമിടിപ്പ് അസാധാരണമായി അനുഭവപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ പതിവാകുന്നുണ്ടെങ്കില്‍ അത് വെറും ടെന്‍ഷന്‍ എന്ന് കരുതി അവഗണിക്കരുത്. ആവശ്യമായാല്‍ ഡോക്ടറുടെ സഹായം തേടണം. ഹൃദയാരോഗ്യ പരിശോധനകള്‍ക്കൊപ്പം രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവയും കൃത്യമായി പരിശോധിക്കുന്നത് പ്രധാനമാണ്. സമ്മര്‍ദം നേരത്തെ തിരിച്ചറിഞ്ഞ് ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് പിന്നീട് ഉണ്ടാകാവുന്ന വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.



