വൈകി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ ശ്രദ്ധിക്കുക
.
രാത്രി വൈകി ഉറങ്ങുന്നതും ആഹാരം കഴിക്കുന്നതും പ്രമേഹത്തിനും മെറ്റബോളിക് രോഗങ്ങൾക്കും വഴിവെക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്.
രാത്രി വൈകി ഉറങ്ങുന്നതും വൈകി ഭക്ഷണം കഴിക്കുന്നതും മെറ്റബോളിക് സിൻഡ്രോം (metabolic syndrome) ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. ‘ഐസയൻസ്’ (iScience) ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങൾ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വിവിധ ശാരീരിക അവസ്ഥകളുടെ കൂട്ടത്തെയാണ് മെറ്റബോളിക് സിൻഡ്രോം എന്ന് പറയുന്നത്.

ശരീരത്തിന്റെ സ്വാഭാവിക ജീവശാസ്ത്ര ഘടികാരത്തിന് വിപരീതമായി രാത്രി വൈകി ഉറങ്ങുകയും വൈകി ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കുടലിൽ വീക്കത്തിനും (inflammation) സുഷിരങ്ങൾ വർദ്ധിക്കുന്നതിനും (leaky gut) കാരണമാകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഇത്തരത്തിൽ രാത്രി വൈകി ഉറങ്ങുകയും വൈകി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന 73% ആളുകളിലും ഒന്നിലധികം മെറ്റബോളിക് രോഗ ലക്ഷണങ്ങൾ ഗവേഷകർ കണ്ടെത്തി. അതേസമയം നേരത്തെ ഉറങ്ങുകയും നേരത്തെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരിൽ ഇത് 43% മാത്രമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

നമ്മൾ എന്ത് കഴിക്കുന്നു എന്നതിനോടൊപ്പം ഏത് സമയത്ത് കഴിക്കുന്നു എന്നതിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് നിലയും ദഹനപ്രക്രിയയും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് പകലിന്റെ ആദ്യപകുതിയിലാണ്. പ്രായം കൂടുന്നതും ഉയർന്ന ശരീരഭാരവും മെറ്റബോളിക് രോഗ സാധ്യത കൂട്ടും. എങ്കിലും ജീവിതശൈലിയും ഉറക്കത്തിന്റെ സമയവും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് അല്പം നേരത്തെയാക്കാം. ഇത് ഉറക്ക സമയം ക്രമേണ മുന്നോട്ട് കൊണ്ടുവരുന്നതും ശരീരത്തിലെ ജീവശാസ്ത്ര ഘടികാരത്തെ സ്വാഭാവിക രീതിയിലാക്കാനും സഹായിക്കും. കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.



