ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂളിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
.
ചേമഞ്ചേരി: ചേമഞ്ചേരി ദേശസേവാ സംഘം ഗ്രന്ഥശാലയുടെ മുൻകാല സജീവപ്രവർത്തകരായിരുന്ന ഇ. ഷിബുകുമാറിൻ്റേയും വി.ടി വികാസിൻ്റേയും ഓർമക്കായി നടത്തിയ 6-ാമത് പ്രശ്നോത്തരി മത്സരം ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂളിൽ വെച്ച് നടന്നു. ‘ഗാന്ധി’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പയ്യോളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി പി.എസ് വേദവ് കൃഷ്ണ ഒന്നാം സ്ഥാനവും, ബാലുശ്ശേരി ഗവഃ ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥി ഹന മെഹറിൻ രണ്ടാം സ്ഥാനവും നേടി.

നടുവണ്ണൂർ ഗവഃ ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി വരേണ്യ ആർ മൂന്നാം സ്ഥാനം നേടി. യു.പി വിഭാഗം മത്സരത്തിൽ കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി തൻവികൃഷ്ണ ഒന്നാം സ്ഥാനവും, കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥി എസ്. ജെ അർണവ് കൃഷ്ണ രണ്ടാം സ്ഥാനവും, ആന്തട്ട ഗവഃ യു.പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥി ആർ. ജിതമന്യു മൂന്നാം സ്ഥാനവും നേടി.

പങ്കെടുത്തവർക്കുള്ള സർടിഫിക്കറ്റും, വിജയികൾക്കുള്ള ക്യാഷ് അവാർഡും, ഒന്നാം സ്ഥാനം ലഭിച്ച സ്കൂളിനുള്ള ഇ. ഷിബുകുമാർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, വി.ടി വികാസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും വിതരണം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗീത കുറ്റിച്ചണ്ടി, കെ. ശ്രീനിവാസൻ, ചേമഞ്ചേരി ഈസ്റ്റ് യു .പി സ്കൂൾ പ്രധാന അധ്യാപിക എം. ബീന, ഇ. ഗംഗാധരൻ നായർ, പി. പി ശ്രീധരൻ, വി.ടി.വിനോദ്, പി സജിത്ത് കുമാർ, സബിത മേലാത്തൂർ ക്വിസ് മാസ്റ്റർമാരായ സി. സായ് കിഷോർ, അക്ഷയ് പി എന്നിവർ സംസാരിച്ചു.



