KOYILANDY DIARY

The Perfect News Portal

വെറുതെയല്ല തണ്ണിമത്തന്‍ …

വെറുതെയല്ല തണ്ണിമത്തന്‍ …

വേനല്‍ക്കാലത്ത് വിപണിയില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് തണ്ണിമത്തന്‍ . ആരെയും ആകര്‍ഷിക്കുന്ന ചുവപ്പു നിറത്തോടു കൂടിയ തണ്ണിമത്തന്‍റെ നീര് നല്ലൊരു ദാഹശമനി മാത്രമല്ല ശരീരത്തിന് ഈര്‍പ്പം നിലര്‍ത്താനും സഹായിക്കും. തണ്ണിമത്തന് ഏറെ ഔഷധ ഗുണവുമുണ്ട്. തണ്ണിമത്തന്‍ ഔഷധഖനിയാണെന്ന് എത്ര പേര്‍ക്ക് അറിയാം…

ഹൃദയാരോഗ്യം

Advertisements

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും തണ്ണിമത്തനാകും.

ക്യാന്‍സര്‍ ചെറുക്കും

ക്യാന്‍സര്‍ ചെറുക്കുന്നതിനു സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ് തണ്ണിമത്തന്‍ . ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

ഊര്‍ജ്ജദായകം

ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നതിനും തണ്ണിമത്തന് കഴിയും. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി1, ബി6 എന്നിവയാണ് ഊര്‍ജ്ജം നല്‍കുന്നത്.

സ്ലിമ്മാകാന്‍ ഉത്തമം

തണ്ണിമത്തനിലെ ജലാംശം വിശപ്പ് കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുന്നതിന് ജലാംശം സഹായിക്കും. അതിലൂടെ സ്ലിമ്മാകാന്‍ നിങ്ങള്‍ക്ക് കഴിയും.

കണ്ണിനും നല്ലത്

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും മസ്‌കുലാര്‍ ഡീ ജനറേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

വൃക്ക സുരക്ഷിതമാകും

വൃക്കയെ സംരക്ഷിക്കാനും തണ്ണിമത്തന് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോആസിഡ് ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെട്ട് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും.

എല്ലുകള്‍ക്കും നല്ലത്

തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ആസ്ത്മ അകറ്റും

ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തനു കഴിയും. ഇതിലെ വൈറ്റമിന്‍ സി, ഫ്‌ളേവനോയ്ഡുകളാണ് ആസ്ത്മ അകറ്റുന്നത്.

സൌന്ദര്യത്തിനും തണ്ണിമത്തന്‍

ത്വക്കിനും മുടിക്കും തണ്ണിമത്തന്‍ നല്ലതാണ്. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് കോശങ്ങളുടെ വളര്‍ച്ചയ്ക്കും മുടിയുടെ വളര്‍ച്ചയ്ക്കും സഹായകമാകും.

ദഹനത്തിനും നല്ലത്

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയ നന്നായി നടക്കുന്നതിനു സഹായകമാകും. ഇങ്ങനെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

വേനല്‍ക്കാലം വരുമ്പോള്‍ മാത്രം നാം ഓര്‍ക്കുകയും വാങ്ങിക്കഴിക്കുകയും ചെയ്യുന്ന തണ്ണിമത്തന്‍ ചില്ലറക്കാനല്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ… തണ്ണിമത്തന്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒരു ജ്യൂസ് പരിചയപ്പെടുത്തുകയാണിവിടെ…

ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്‍ (പഴുത്തത്) – 1 (ചെറുത്)
മില്‍ക്ക് മെയ്ഡ് – അര കപ്പ്
പഞ്ചസാര – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവകള്‍ എല്ലാം ഒരുമിച്ച് മിക്സിയിലിട്ട് അല്‍പം വെള്ളവും ചേര്‍ത്ത് നന്നായി അടിക്കുക. ഇത് തണുപ്പിച്ച് ഉപയോഗിക്കാം.