KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയില്‍ പിടിയിലായ പഞ്ചാബ് പൊലീസുകാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം തട്ടിയ കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി പഞ്ചാബ് പൊലീസ് സംഘം ഇന്ന് കൊച്ചിയിലെത്തും. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒളിവിലായിരുന്ന പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്, രാജപ്രീത് സിംഗ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്‍റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഏഴ് കോടി രൂപ ഇവര്‍ അപഹരിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ഫാദര്‍ ആന്‍റണി മാടശ്ശേരിയില്‍ നിന്ന് 16 കോടി രൂപ പിടിച്ചെടുത്തെങ്കിലും 9 കോടി രൂപ മാത്രമാണ് ആദായനികുതി വകുപ്പിന് പൊലീസ് കൈമാറിയത്. ഏഴു കോടി രൂപ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അപഹരിച്ചു എന്നായിരുന്നു കേസ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപം കൊടുത്ത ഫ്രാന്‍സിസ്ക്കന്‍ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ട‍ര്‍ ജനറാള്‍ ആണ് ഫാദര്‍ ആന്റണി മാടശ്ശേരി. ഫ്രാന്‍സിസ്കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റെ ജനറേറ്റര്‍ ഓഫീസില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണക്കില്‍ പെടാത്ത പണം പഞ്ചാബ് പൊലീസ് പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആന്‍റണി മാടശ്ശേരി ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തിയെന്നായിരുന്നു പൊലീസ് വിശദീകരണം.

അതേസമയം താന്‍ സ്വന്തമായി നടത്തുന്ന ബിസിനസില്‍ നിന്നുള്ള വിഹിതം ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകുമ്ബോഴാണ് പിടികൂടിയതെന്നാണ് വൈദികന്‍ വ്യക്തമാക്കിയിരുന്നത്. തങ്ങളുടെ പക്കല്‍ 16.65 കോടി രൂപ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ 9.66 കോടിയുടെ കണക്ക് മാത്രമാണ് പഞ്ചാബ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ള പണം പൊലീസ് അപഹരിച്ചു എന്നും ഇവര്‍ ആരോപിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!