ഇന്ന് അന്താരാഷ്ട്ര ഓസോൺ ദിനം
.
ഇന്ന് അന്താരാഷ്ട്ര ഓസോൺ ദിനം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 15 മുതൽ 35 കിലോമീറ്റർ വരെ ഉയരത്തിൽ, അന്തരീക്ഷത്തിലെ സ്ട്രോറ്റോസ്ഫിയർ എന്ന മണ്ഡലത്തിലാണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത്. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ (O3) ചേർ ന്നതാണ് ഓസോൺ തന്മാത്രകൾ. പ്രകൃതി ഭൂമിക്കായി ഒരുക്കിയിട്ടുള്ള ഒരു ഭീമൻ കുടയാണിത്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന അത്യന്തം അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിലെത്തിക്കാതെ തടഞ്ഞുനിർത്തി, മനുഷ്യരും സസ്യങ്ങളും അടക്കം സർവജീവജാലങ്ങളെയും സംരക്ഷിക്കുന്നത് ഈ കവചമാണ്. ജീവന്റ നിലനിൽപിനാധാരമായ ഈ ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനാണ് സെപ്റ്റംബർ 16 അന്താരാഷ്ട്ര ഓസോൺ ദിനമായി ആചരിക്കുന്നത്.

ഓസോൺ ദിനത്തിന്റെ പ്രാധാന്യം
സ്ട്രോറ്റോസ്ഫിയറിലെ ഓസോൺ പാളിക്ക് വിള്ളൽ സംഭവിച്ചാൽ സൂര്യനിൽനിന്നുള്ള ഹാനികരമായ UV രശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കും. ഇത് മനുഷ്യരിൽ ത്വക്ക് അർബുദം, തിമിരം തുടങ്ങിയ രോഗങ്ങൾക്കും സസ്യങ്ങളുടെ വളർച്ച മുരടിക്കുന്നതിനും ആവാസവ്യവസ്ഥകളുടെ നാശത്തിനും കാരണമാകും. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാരണം ഈ സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

ഇതിന് പരിഹാരമായി, ഓസോൺ ശോഷണത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായി 1987 സെപ്റ്റംബർ 16-ന് ലോകരാഷ്ട്രങ്ങൾ ചേർന്ന് ‘മോൺട്രിയൽ പ്രൊട്ടോക്കോൾ’ എന്ന ചരിത്രപ്രധാനമായ കരാർ ഒപ്പുവെച്ചു. ഈ ഓർമ്മ പുതുക്കുന്നതിനായാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബർ 16 ഓസോൺ ദിനമായി പ്രഖ്യാപിച്ചത്.

ഈ വർഷത്തെ പ്രമേയം
ഓരോ വർഷവും ഒരു പ്രത്യേക സന്ദേശവുമായാണ് ഓസോൺ ദിനം എത്തുന്നത്. 2026-ലെ ലോക ഓസോൺ ദിന പ്രമേയം ‘Global action for a cooler planet – Celebrating 10 years of sustainable cooling’ എന്നതാണ്. ഭൂമിയുടെ താപനില ഉയരുന്നതിനെതിരെ കൈകോർക്കുന്നതിനും ചൂട് കുറയ്ക്കാനായി പ്രകൃതിസൗഹൃദ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദേശം ആഹ്വാനം ചെയ്യുന്നു.
ഓസോൺ ശോഷണവും പരിഹാരങ്ങളും
റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, വിമാനങ്ങൾ, എയറോസോൾ സ്പ്രേകൾ എന്നിവയിൽ നിന്ന് പുറന്തള്ളപ്പെടുന്ന സി.എഫ്.സി (CFC), എച്ച്.സി.എഫ്.സി (HCFC) തുടങ്ങിയ വിഷവാതകങ്ങളാണ് ഓസോണിനെ നശിപ്പിക്കുന്നത്. ഇതിന് പരിഹാരമായി, മരങ്ങൾ നട്ടുവളർത്തുക, ഊർജ്ജക്ഷമതയുള്ളതും സി.എഫ്.സി മുക്തവുമായ പ്രകൃതി സൗഹൃദ ഗൃഹോപകരണങ്ങൾ ഉപയോഗിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കുക തുടങ്ങിയ മാർഗങ്ങൾ ശീലമാക്കാം.
ഓസോൺ പാളിയുടെ സംരക്ഷണം എന്നത് ഒരു ദിവസത്തെ മാത്രം ദിനാചരണത്തിൽ ഒതുങ്ങേണ്ട ഒന്നല്ല. ഭൂമിയെ കാക്കുന്ന ഓസോൺ കുടയെ ഭദ്രമായി നിലനിർത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. സുരക്ഷിതമായ ഒരു നാളെയ്ക്കായി പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും നമ്മൾ ഓരോരുത്തരും ഇന്നുതന്നെ പ്രതിജ്ഞയെടുക്കേണ്ടതുണ്ട്.



