KOYILANDY DIARY.COM

The Perfect News Portal

സമാധാനപരമായ പ്രതിഷേധത്തിന് നേരെ പെല്ലറ്റ് പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി

.

ന്യൂഡല്‍ഹി: സമാധാനപരമായ പ്രതിഷേധത്തിന് നേരെ പെല്ലറ്റ് പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പെല്ലറ്റ് പ്രയോഗത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ പൊലീസിന് കടുത്ത നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു. പൊലീസിന് മനോവീര്യം നല്‍കുന്നതാണ് ആയുധമെന്നും അസാധാരണ സാഹചര്യങ്ങളില്‍ പൊലീസിന് പെല്ലറ്റ് പ്രയോഗിക്കാമെന്നും ബാഗ്ചി പറഞ്ഞു.

 

മെറ്റാലിക് ബുളളറ്റുകളാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിച്ചതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. അനുമതിയില്ലാതെയാണ് ഡല്‍ഹി പൊലീസ് പെല്ലറ്റ് പ്രയോഗിച്ചതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നൽകിയിരുന്നു. സിആര്‍പിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.

 

ഉദ്യോഗസ്ഥര്‍ എല്ലാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചതായി കണ്ടെത്തി. ഇതോടെ പെല്ലറ്റ് ഗണ്‍ ഉപയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി. അഞ്ച് പേര്‍ക്കായിരുന്നു പെല്ലറ്റ് ഉപയോഗത്തില്‍ പരിക്കേറ്റത്. ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജി പി സിംഗും രംഗത്തെത്തി. രാജ്യത്തിന്റെ നന്മക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് ഡയറക്ടര്‍ ജനറല്‍ ജി പി സിംഗ് പറഞ്ഞു.

 

ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കും. ഭയമില്ലാതെ നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുക. ഉത്തരവാദിത്തമോ മറുപടി പറയലോ ആവശ്യമായി വരുന്നിടത്തെല്ലാം ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ നേരിട്ടോളാം എന്നും ജിപി സിംഗ് പറഞ്ഞു. സമരക്കാര്‍ക്ക് നേരെ ആര്‍എഎഫ് ഏഴ് തവണ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചുവെന്നാണ് സിആര്‍പിഎഫിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. അഞ്ച് തവണ പ്രതിഷേധക്കാര്‍ക്ക് പെല്ലറ്റ് ഏറ്റു എന്നും വിവരമുണ്ട്.

 

കൊണാള്‍ട്ട് പ്ലേസ് ഭാഗത്ത് ഉണ്ടായിരുന്ന ആര്‍എഎഫ് ഉദ്യോഗസ്ഥന്‍ ആണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നാണ് വിവരം. രണ്ട് റൗണ്ട് പെല്ലറ്റ് നിലത്ത് പതിച്ചു. എന്നാല്‍ സമരക്കാര്‍ കല്ലെറിഞ്ഞപ്പോഴാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടറില്‍ പറയുന്നു. ഗുരുഗാവില്‍ ജോലി ചെയ്യുന്ന 25 വയസുകാരന്‍, ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ 19കാരന്‍ സഹില്‍, 25 വയസുള്ള ഔട്ട് ലുക്ക് മാഗസിനിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റിരുന്നത്. പെല്ലറ്റ് ഏറ്റ വിദ്യാര്‍ത്ഥിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം അടക്കം നടത്തിയിരുന്നു.

 

Share news
error: Content is protected !!