KOYILANDY DIARY.COM

The Perfect News Portal

ശബരിമല തീർത്ഥാടനം: പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് ബസുകൾ ഏർപ്പെടുത്തും. വിവിധ ഡിപ്പോകളെയും പ്രത്യേക സർവീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടം ഘട്ടമായാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

 

പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്പെഷ്യൽ സർവീസുകൾ ഉണ്ടാകും. മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

 

അധിക ജീവനക്കാരയും വിന്യസിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയുമാണ് നിയോഗിക്കുക. ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് ചുമതലപ്പെടുത്തുന്നത്. ശബരിമല തീർത്ഥാടനത്തിനായി ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കുന്നതിനും ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചു.

 

Share news