KOYILANDY DIARY

The Perfect News Portal

”ഓണചങ്ങാതി” ജില്ലാതല ഉദ്ഘാടനം MLA കാനത്തിൽ ജമീല നിർവഹിച്ചു .

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം കോഴിക്കോട്, ബിആർസി പന്തലായനിയുടെ നേതൃത്വത്തിൽ ”ഓണചങ്ങാതി” ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങൾ ഉൾച്ചേർന്ന ഭിന്നശേഷിയുള്ള കിടപ്പിലായ കുട്ടികൾക്കായാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. പ്രകൃതി മനോഹരമായ അണേല പുഴയുടെ തീരത്ത് കണ്ടൽ മ്യൂസിയത്തിൽ വെച്ച് നടന്ന പരിപാടിയുടെ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ-ഓഡിനേറ്റർ  ഡോക്ടർ എ കെ അബ്ദുൾ ഹക്കീം മുഖ്യാതിഥിയായി. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് സമ്മാനദാനം നിർവഹിച്ചു. പ്രശസ്ത സിനിമാ സംഗീത സംവിധായകനും, ഗായകനുമായ  എം എസ് ദിലീപ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പന്തലായനി ബി പി സി ഉണ്ണികൃഷ്ണൻ സ്വാഗതവും.സ്പെഷ്യൽ എഡ്യൂക്കേറ്റർ സിൽജ ബി നന്ദിയും പറഞ്ഞു.
തീവ്ര പരിമിതി അനുഭവിക്കുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ രുചികരമായ സദ്യയും സംഗീത വിരുന്നും ഓണക്കളികളും കലാപരിപാടികളും ഒരുക്കിയിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ വർണ്ണാഭമായ ഓണാഘോഷം, നന്മയുടേയും, സന്തോഷത്തിന്റെയും ഒരു പിടി ഓർമ്മകൾ സമ്മാനിച്ചു.